ഒട്ടാവ: കാനഡയിൽ നിന്നും തന്നോട് വ്യാജ റിപ്പോർട്ട് തയ്യാറാക്കാൻ പ്രമുഖ മലയാള മാദ്ധ്യമം ആവശ്യപ്പെട്ടതായി ആരോപണവുമായി ആർജെ ജിത്തു ജോസഫ്. കുറച്ച് മലയാളി വിദ്യാർത്ഥികളെ ഒപ്പം സംഘടിപ്പിച്ച് തങ്ങൾ സുരക്ഷിതരല്ല എന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ചു നൽകാൻ അവർ ആവശ്യപ്പെട്ടു. നാട്ടിലിരിക്കുന്നവർക്ക് ഇടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ താൻ അതിന് തയ്യാറായില്ലെന്നും ജിത്തു പറഞ്ഞു.
ഇന്ത്യയും കാനഡയും തമ്മിൽ നടക്കുന്ന പ്രശ്നങ്ങൾ വ്യാജമായിട്ടാണ് നമ്മുടെ നാട്ടിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം നാട്ടിലെ ഒരു പ്രധാന വാർത്താ ചാനലിൽ നിന്നും തനിക്ക് ഒരു ഫോൺകോൾ വന്നു. കാനഡയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനാണ് അവർ ആവശ്യപ്പെട്ടത്. അവർ എങ്ങനെയുണ്ട് കാനഡയിലെ ഇപ്പോഴത്തെ അവസ്ഥയെന്ന് ചോദിച്ചു. നിങ്ങൾ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നടക്കുന്നു എന്ന് പറയുന്ന കനേഡിയൻ പാർലമെന്റിലാണ് കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നത്. ഒരു പ്രശ്നവും ഉണ്ടായില്ല എന്ന് മറുപടി നൽകി. എന്നാൽ കാനഡയിലുള്ള കുറച്ച് മലയാളി കുട്ടികളെ കൂട്ടി ഒരു വീഡിയോ തയ്യാറാക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. ഇവിടെ നിൽക്കാൻ ഭയമാണ്, സ്ഥിതി മോശമാണ്, നാട്ടിൽ പോകാൻ തയ്യാറെടുക്കുകയാണ് എന്നൊക്കെ പറയണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ താൻ അവരുടെ ആവശ്യം നിരസിച്ചു. ജിത്തു പറഞ്ഞു.
കാനഡയിൽ എല്ലാവരു സുരക്ഷിതരാണെന്നും റിപ്പോർട്ടുകൾ പ്രകാരമുള്ള പ്രശ്നങ്ങൾ ഒന്നുംതന്നെ ഇവിടെ ഇല്ലെന്നും ജിത്തു പറഞ്ഞു. അതിനാൽ ചില മാദ്ധ്യമങ്ങൾ പങ്കുവെക്കുന്ന വിവരങ്ങൾ ഉറപ്പിക്കാനായി കാനഡയിൽ ഉള്ളവരോട് വിവരങ്ങൾ തേടണമെന്നും ജിത്തു ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു ജിത്തുവിന്റെ തുറന്നുപറച്ചിൽ.