അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ അംഗീകാരം ലഭിച്ചില്ലെന്ന മെസിയുടെ ആരോപണത്തിൽ മറുപടിയുമായി മുൻ ക്ലബ്ബ് പിഎസ്ജി രംഗത്ത്. മെസിയോട് പിഎസ്ജിക്കെന്നും ആദരവാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങളെയും അംഗീകരിക്കുന്നു. എന്നാൽ മെസിയുടെ ലോകകപ്പ് വിജയം ആഘോഷിക്കുന്നതിന് ഞങ്ങൾക്ക് പരിമിതിയുണ്ടെന്ന് ക്ലബ് ഉടമ നാസർ അൽ ഖെലൈഫി പറഞ്ഞു.
ക്ലബിന്റെ സ്വകാര്യ നിമിഷത്തിൽ ആഘോഷങ്ങൾ നടത്തിയിരുന്നു. ട്രെയിനിംഗിന് എത്തിയപ്പോൾ മെസിയെ ഞങ്ങൾ ആദരിച്ചു. ആദരവ് പ്രകടമാക്കി ഒരു വീഡിയോയും പുറത്തിറക്കിയിരുന്നു. പിഎസ്ജി ഫ്രഞ്ച് ക്ലബ്ബായതിനാൽ അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിന് പരിധിയുണ്ട്. ഫ്രാൻസിനെ ലോകകപ്പ് ഫൈനലിൽ തോൽപ്പിച്ചത് മെസിയും അർജന്റീനയുമാണ്. ഫ്രാൻസ് ടീമിലെ അംഗങ്ങൾ പിഎസ്ജിയിൽ മെസിയുടെ സഹതാരങ്ങളാണ്. പിഎസ്ജി ആരാധകരും ഫ്രഞ്ച് സ്വദേശികളാണ്. രാജ്യതാൽപ്പര്യം മുൻനിർത്തിയാണ് ലോകകപ്പ് ഹീറോയ്‌ക്കുള്ള അംഗീകാരങ്ങൾ ഒഴിവാക്കിയതെന്നും നാസർ അൽ ഖെലൈഫി വ്യക്തമാക്കി.
ലോകകപ്പ് നേട്ടവുമായി സ്വന്തം ക്ലബ്ബുകളിലെത്തിയ താരങ്ങളിൽ അംഗീകാരം ലഭിക്കാതിരുന്നത് തനിക്ക് മാത്രമാണ്. ഫ്രാൻസിന്റെ ലോകകപ്പ് മോഹങ്ങൾക്ക് വിരാമമിടാൻ ഞാനും കാരണമായി. പിഎസ്ജിയിൽ മികച്ച നിമിഷങ്ങൾ ഇല്ലാതിരുന്നതിന് കാരണം അർജെന്റൈയ്ൻ ദേശീയ ടീമിന്റെ ലോകകപ്പ് നേട്ടമാണ്. ഇതെല്ലാമാണ് അർഹിക്കുന്ന അംഗീകാരം നൽകാൻ പിഎസ്ജി തയ്യാറാകാത്തതിന് കാരണമെന്ന്് ഓൾഗയുമായുളള അഭിമുഖത്തിൽ മെസി പറഞ്ഞിരുന്നു.















