ചെന്നൈ: ചെന്നൈയിൽ നിന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം ക്ഷേത്രത്തിലേയ്‌ക്കുള്ള ദൂരം കുറയുന്നു. ചെന്നൈയെയും വിജയവാഡയെയും ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസ് വഴി ചെന്നൈയിൽ നിന്നുള്ള യാത്രക്കാർക്ക് 95 മിനിറ്റിനുള്ളിൽ ഇനി തിരുപ്പതിയിലെത്തിച്ചേരാവുന്നതാണ്. തരുപ്പതി ക്ഷേത്രത്തിന് ഒമ്പത് കിലോമീറ്റർ അടുത്തുള്ള റെയിൽവേ സ്റ്റേഷനായ റെനിഗുണ്ടയിലൂടെയാണ് പുതിയ വന്ദേഭാരത് കടന്നു പോകുന്നത്. ദേവസ്ഥാനത്തെത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ടി വിജയവാഡയ്‌ക്കുള്ള പതിവുപാതയിൽ നിന്നു മാറി റെനിഗുണ്ട വഴിയാണ് പുതിയ വന്ദേഭാരതിന്റെ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ചെന്നൈയിൽ നിന്നും വിജയവാഡയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ, ചെന്നൈ-തിരുപ്പതി എന്നിവിടങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും. ഇതോടെ തിരുപ്പതി ദേവസ്ഥാനത്തേക്കുള്ള ഭക്തജനങ്ങളുടെ യാത്ര ക്ലേശവും കുറയുകയാണ്. ചെന്നൈയ്‌ക്കും റെനിഗുണ്ടയും തമ്മിൽ 136.6 കിലോമീറ്റർ ദൂരമാണ് ഉള്ളത്. പുതിയ വന്ദേഭാരത് ട്രെയിൻ ഒരു മണിക്കൂർ 35 മിനിറ്റിനുള്ളിൽ റെനിഗുണ്ട സ്‌റ്റേഷനിൽ എത്തും. നേരത്തെ ഇതുവഴി പോയിരുന്ന ട്രെയിനുകൾ ചെന്നൈയിൽ നിന്ന് റെനിഗുണ്ടയിലെത്താൻ രണ്ട് മണിക്കൂറും 40 മിനിട്ട് വരെ സമയമെടുത്തിരുന്നു. സ്വകാര്യ ബസുകളിലോ സർക്കാർ ബസുകളിലോ റോഡ് മാർഗമുള്ള യാത്രയ്‌ക്ക് കുറഞ്ഞത് നാല് മണിക്കൂറോളം വേണ്ടി വന്നിരുന്നു.
ചൊവ്വാഴ്ചകൾ ഒഴികെ ആഴ്ചയിൽ ആറ് ദിവസം ചെന്നൈ- വിജയവാഡ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തും. ചെന്നൈയിൽ നിന്ന് രാവിലെ 5.30ന് പുറപ്പെടുന്ന ട്രെയിൻ 7.10ന് റെനിഗുണ്ടയിലെത്തും. മടക്കയാത്രയിൽ രാത്രി 8. 5ന് ട്രെയിൻ റെനിഗുണ്ടിൽ എത്തും. രാത്രി 10 മണിയോടെ ചെന്നൈ സെൻട്രലിൽ ട്രെയിൻ എത്തിച്ചേരും. ചെയർകാറിന് 520 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിൽ 1,005 രൂപയുമാണ് ടിക്കറ്റ് നിരക്ക്.