ഇടുക്കി: ലോകഭൂപടത്തിൽ തന്നെ വാഗമണ്ണിനുള്ള സ്ഥാനം വളരെ വലുതാണ്. പ്രതിദിനം ആയിരക്കണക്കിന് ആളുകളെത്തുന്ന വാഗമണ്ണിലെ ജനങ്ങളുടെ ദുരവസ്ഥയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വാഗമണ്ണിനെയും ഉളുപ്പൂണി എന്ന പ്രദേശത്തെയും ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയി. എന്നാൽ രായ്‌ക്കുരാമാനം പാർട്ടി പ്രവർത്തകരെത്തി പാലം കോൺക്രീറ്റ് ചെയ്തു. സംഭവത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളും എംഎൽഎയും സർക്കാരും മൗനം പാലിക്കുകയാണ്.
സ്ഥലത്തെ സിപിഎം നേതാക്കളുടെ നേതൃത്വത്തിലാണ് ഞൊടിയിടയിൽ പാലം പണിതതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സിപിഎം-സിപിഐ നേതാക്കളുടെ ഇടപെടലിലാണ് റോഡ് നവീകരിക്കാതെ കിടക്കുന്നതെന്നാണ് ആക്ഷേപം. 300-ലധികം കുടുംബങ്ങളാണ് വാഗമണിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള ഉളുപ്പൂണിയിൽ താമസിക്കുന്നത്. ഇവരിൽ അധികവും പ്രായമേറിയവരും കുട്ടികളുമാണ്. പ്രതികൂല കാലാവസ്ഥയെയും ഗതാഗത പ്രശ്നങ്ങളും അവഗണിച്ചാണ് ഇവിടുത്തെ കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തുന്നത്. നിരവധി തവണ കുട്ടികളുടെ നേതൃത്വത്തിലും സ്‌കൂളുകളുടെ നേതൃത്വത്തിലും പ്രദേശത്ത് റോഡിനായി സമരം നടന്നിരുന്നു. എന്നാൽ ചർച്ചയ്‌ക്കായി വിളിച്ച് വരുത്തി ശകാരിക്കുന്ന നിലപാടാണ് എംഎൽഎ സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രകൃതി ഭംഗിയേറെയുള്ള പ്രദേശത്ത് അനധികൃതമായി വനം വകുപ്പും സർക്കാരും ചേർന്ന് ഓഫ് റോഡ് സവാരി നടത്തുന്നതായും പരാതിയുണ്ട്. വാഗമണ്ണിലെ ഡ്രൈവർമാരുടെ തൊഴിൽ നഷ്ടമാകുമെന്നും അതുകൊണ്ട് ഓഫ് റോഡ് സവാരി നിർത്താൻ കഴിയില്ലെന്നുമാണ് ഭരണകൂടത്തിന്റെ വിശദീകരണം. ജീപ്പുകളുടെ മരണപ്പാച്ചിലിൽ കാരണം വഴിയിലൂടെ നടക്കാൻ പോലും കഴിയുന്നില്ലെന്നും കുട്ടികളും മുതിർന്നവരും പറയുന്നു. സംഭവം എംഎൽഎയെ അറിയിക്കാനെത്തിയിട്ടും കാര്യമുണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ സമീപിച്ചപ്പോൾ, ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നാണ് മന്ത്രി മറുപടി നൽകിയതെന്നും ജനങ്ങൾ പറയുന്നു.
ടൂറിസം മേഖലയ്‌ക്ക് കൈത്താങ്ങ് ആകുകയാണ് കേരള സർക്കാർ എന്നാണ് വാദം. എന്നാൽ പണത്തിന് വേണ്ടി പായുന്നതിനിടെ സർക്കാരും ഭരണസംവിധാനങ്ങളും പാവപ്പെട്ട തോട്ടം തൊഴിലാളികളെയും കുടുംബങ്ങളെയും മറക്കുകയാണ്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും എംഎൽഎയും ‘ഇപ്പോ ശരിയാക്കി തരാമെന്ന്’ നിലപാട് സ്വീകരിക്കുമ്പോഴും ഒന്നും ശരിയാകുന്നില്ലെന്നതാണ് വാസ്തവം.