ജപ്പാന്റെ ചാന്ദ്ര ദൗത്യ പേടകം സ്ലിം ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങളെടുക്കുമെങ്കിലും പ്രതീക്ഷകൾ വാനോളമാണ്. മൂൺ സ്നൈപ്പർ എന്നറിയപ്പെടുന്ന സ്മാർട്ട് ലാൻഡർ ഫോർ ഇൻവസ്റ്റിഗേറ്റിംഗ് മൂൺ അഥവാ സ്ലിം രണ്ടാം ഘട്ട ക്രമീകരണങ്ങളും പൂർത്തിയാക്കി ചന്ദ്രനിലേക്കുള്ള യാത്ര തുടരുകയാണ്. ചന്ദ്രോപരിതലത്തിൽ ലാൻഡിംഗ് എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് പേടകം.
ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും സെപ്റ്റംബർ ഏഴിനാണ് പേടകം വിക്ഷേപിക്കുന്നത്. ചന്ദ്രനിൽ ഷിയോലി ഗർത്തത്തിന് സമീപത്തായി ലക്ഷ്യസ്ഥാനത്തിന്റെ 100 മീറ്ററിനുള്ളിൽ ഇറങ്ങുമെന്നാണ് കണക്കൂകൂട്ടൽ. ഏകദേശം 100 മില്യൺ ഡോളർ ചെലവഴിച്ചാണ് ബഹിരാകാശ പേടകത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ഇന്ധനം അമിതമായി ചിലവാക്കാതിരിക്കുന്നതിനായുള്ള മാർഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ലാൻഡിംഗിന് മുന്നോടിയായി ഒരു മാസക്കാലം പേടകം ചന്ദ്രനെ വലം വെയ്ക്കും. 2024 ഫെബ്രുവരിയോടെ ലാൻഡിംഗ് സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ. ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയാൽ ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ചുവടുറപ്പിക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറും. ലാൻഡിംഗ് സാദ്ധ്യമായി കഴിഞ്ഞാൽ ചന്ദ്രന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സൂചനകൾ ശേഖരിക്കുന്നതിന് ഒലിവിൻ പാറകളുടെ ഘടന വിശകലനം ചെയ്യും. ഇതിന് മുമ്പ് നടത്തിയ രാജ്യത്തിന്റെ രണ്ട് ചാന്ദ്ര ദൗത്യങ്ങളും പരാജയമായിരുന്നു.