തൃശൂർ: സഹകരണ ബാങ്കുകളിലെ തട്ടിപ്പുവിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പ്രതിസന്ധി മറികടക്കാൻ നീക്കവുമായി സിപിഎം. കരുവന്നൂർ സഹകരണ ബാങ്കിലേക്ക് വീണ്ടും നിക്ഷേപകരെ കണ്ടെത്താനാണ് സിപിഎം നീക്കം. ക്രമക്കേട് സംബന്ധിച്ച വാർത്തകൾ കൂടുതലായി പുറത്തുവന്നതും സിപിഎം നേതാവ് ഉൾപ്പടെ ഇഡിയുടെ അറസ്റ്റിലായതുമാണ് അടിയന്തര നീക്കത്തിന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ജനവികാരം എതിരാകും എന്നത് മുന്നിൽ കണ്ട് സംസ്ഥാന നേതാക്കൾ ഉൾപ്പടെ നിക്ഷേപകരെ കണ്ടെത്താൻ മുന്നോട്ട് വരുമെന്നാണ് വിവരം.
നിലവിലെ പ്രതിസന്ധി മറികടക്കാൻ ബാങ്കിൽ കൂടുതൽ നിക്ഷേപം എത്തിക്കാനാണ് പദ്ധതി. റവന്യൂ റിക്കവറി നടപടികൾ വേഗത്തിലാക്കിയും നിക്ഷേപം സ്വീകരിച്ചും കൺസോഷ്യം രൂപീകരിച്ചും പണം സ്വരൂപിക്കും. പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് 50% തുക അടിയന്തരമായി വിതരണം ചെയ്ത് പരിഹാരം കാണാനും സിപിഎം തീരുമാനിച്ചതായാണ് വിവരം. ഇതിനായി അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതിക്ക് പിന്തുണ നൽകി കൂടുതൽ നിക്ഷേപകരെ കണ്ടെത്തും. പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ – സംസ്ഥാന നേതാക്കൾ നേരിൽ കണ്ട് പണം മടക്കി നൽകുമെന്ന് ഉറപ്പു നൽകാനും പാർട്ടി തീരുമാനിച്ചു.
സിപിഎം ഭരണസമിതിയുള്ള സഹകരണ ബാങ്കുകളുടെ മറവിൽ വൻ കൊള്ള നടത്തിയ പല സംഭവങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നിരവധി ബാങ്കുകളിൽ ഇഡി മിന്നൽ റെയ്ഡും നടത്തിയിരുന്നു. സിപിഎം നേതാക്കളായിട്ടുള്ള പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ അനധികൃത വായ്പയെടുത്തും, നിക്ഷേപത്തിന് പലിശ കൂട്ടി നൽകിയും ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പരിധിയിൽ കവിഞ്ഞ തുക വായ്പ നൽകിയും വൻ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം.