വയനാട്: പനവല്ലിയിൽ കൂട്ടിലായ കടുവയെ കാട്ടിലേക്ക് തിരികെ അയക്കില്ലെന്ന് തീരുമാനം. വനംവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കടുവയെ മാറ്റും. മൃഗപരിപാലന കേന്ദ്രത്തിൽ കടുവകളുടെ എണ്ണം വർദ്ധിച്ചതിനാൽ ഇവയിൽ രണ്ടെണ്ണത്തെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
വനംവകുപ്പിന്റെ വിദഗ്ധ സമിതി യോഗം ചേർന്നാണ് കടുവയെ കാട്ടിലേക്ക് തിരികെ അയക്കേണ്ട എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്. മുമ്പ് പിടികൂടി കാട്ടിലേക്ക് അയച്ച നോർത്ത് വയനാട് 5 എന്ന കടുവ തന്നെയാണ് ഇത്തവണയും കൂട്ടിലായത് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കൂടാതെ കടുവയുടെ പല്ലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വലത് കണ്ണിന് കാഴ്ചയ്‌ക്കും മങ്ങലുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇനി കാട്ടിലേക്ക് അയക്കേണ്ട എന്ന തീരുമാനത്തിൽ എത്തിയത്. കടുവയെ എത്തിച്ച മൃഗപരിപാലന കേന്ദ്രത്തിൽ നിലവിൽ ഏഴ് എണ്ണമായി. തൃശൂർ പുത്തൂരിൽ മൃഗശാല തുടങ്ങുമ്പോൾ ഇവിടേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.