ഹാങ്‌ചോ: നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ അട്ടിമറിച്ച് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് മിന്നും ജയം. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ജപ്പാനെ ഇന്ത്യ തകർത്തത്. ഗോളിൽ പിന്നിലായ ഇന്ത്യ തിരിച്ചടിച്ച് വിജയം നേടുകയായിരുന്നു. സ്‌ട്രൈക്കർ അഭിഷേകിന്റെ രണ്ട് ഗോളുകളാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ലോക റാംഗിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ജപ്പാനെ തോൽപ്പിച്ചതോടെ ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ തുടർച്ചയായ മൂന്നാം ജയമാണ് ഇന്ത്യ കൈവരിക്കുന്നത്.
അഭിഷേക് (13,48 മിനിറ്റ്)-ൽ രണ്ട് ഗോളുകൾ നേടിയപ്പോൾ മൻദീപ് സിംഗ്, അമിത് രോഹിദാസ് എന്നിവരാണ് ഇന്ത്യക്കായി മറ്റു ഗോളുകൾ സമ്മാനിച്ചത്. കളിയിലെ അവസാനത്തെ അഞ്ച് മിനിറ്റിൽ ജപ്പാൻ തിരിച്ചടിച്ചെങ്കിലും തോറ്റ് മടങ്ങുകയായിരുന്നു. ജെങ്കി മിതാനി, റിയോസി കാറ്റോ എന്നിവരാണ് ജപ്പാനായി ഗോളുകൾ നേടിയത്. ശനിയാഴ്ച നടക്കുന്ന പൂൾ എ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും.