കോഴിക്കോട് : മുസ്ലീം വ്യക്തിനിയമത്തിന്റെ വിമർശകനായ ഇസ്ലാമിക പണ്ഡിതൻ സി എച്ച് മുസ്തഫ മൗലവിയ്ക്ക് വധഭീഷണി . ഇസ്ലാമിലെ ലിംഗവിവേചനത്തിനെതിരെ നിരന്തരം പോരാടുന്ന മുസ്തഫ മൗലവിയ്ക്ക് സ്വന്തം മതത്തിൽ നിന്ന് തന്നെയാണ് ഭീഷണികളും വാക്കേറ്റവും പോർവിളിയും നേരിടേണ്ടി വരുന്നത് .
“ഇതുവരെ എന്നെ ഫേസ്ബുക്കിൽ മാത്രമാണ് അധിക്ഷേപിച്ചത്. എന്നാൽ ഇപ്പോൾ അവർ എന്നെ നേരിട്ടു കണ്ടും ഭീഷണിപ്പെടുത്തുന്നു, “ അദ്ദേഹം പറഞ്ഞു. പോലീസ് തന്റെ പരാതി ഗൗരവമായി എടുക്കുന്നില്ല . അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ എല്ലാവരും അനുശോചനം രേഖപ്പെടുത്തും . മരണത്തെ തനിക്ക് ഭയമില്ല . എന്നാൽ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം പോലീസ് സംരക്ഷിക്കേണ്ടതല്ലേ – അദ്ദേഹം പറഞ്ഞു.
സെന്റർ ഫോർ ഇൻക്ലൂസീവ് ഇസ്ലാ ആൻഡ് ഹ്യൂമനിസത്തിന്റെ ഉപദേശകനാണ് മുസ്തഫ. സെപ്തംബർ 19, ചൊവ്വാഴ്ച, കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് ഗരീബ് രഥിൽ യാത്ര ചെയ്യവെയാണ് അദ്ദേഹത്തിന് ആദ്യ ഭീഷണി ഉണ്ടായത് .
“ട്രെയിൻ കയറുന്നതിന് മുമ്പ് ഒരാൾ എന്റെ അടുത്ത് വന്ന് ഞാൻ മുസ്തഫ മൗലവിയാണോ എന്ന് ചോദിച്ചു. ഞാൻ അതെ എന്ന് പറഞ്ഞപ്പോൾ അയാൾ എന്റെ കമ്പാർട്ട്മെന്റ് നമ്പർ ചോദിച്ചു. വൈകിട്ട് 5.45 ഓടെ ട്രെയിൻ എറണാകുളം ടൗണിൽ എത്തിയപ്പോൾ എന്റെ കമ്പാർട്ടുമെന്റിലെ യാത്രക്കാർ ഇറങ്ങി. അപ്പോൾ ഇയാൾ വന്ന് എന്റെ മുന്നിൽ ഇരുന്നു എങ്ങോട്ടാ പോകുന്നതെന്ന് ചോദിച്ചു. “ശ്രീനാരായണ ഗുരു സമാധിയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കോട്ടയത്തേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ “താങ്കൾ ശ്രീനാരായണ ഗുരുവിന്റെ അനുയായിയാണെങ്കിൽ എന്തിനാണ് സ്വയം മൗലവിയായി കാണുന്നത്? മുസ്തഫ സ്വാമിയാണെന്ന് പറയാൻ പറ്റുമോ?’ “ശ്രീരാമനോട് പ്രാർത്ഥിക്കുന്നവർ സ്വർഗ്ഗത്തിൽ പോകുമോ എന്നൊക്കെ അയാൾ എന്നോട് ചോദിച്ചു.
തുടർന്ന് ഞാൻ ഇസ്ലാമിനെ തകർക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് അയാൾ ബഹളം ഉണ്ടാക്കി . ഞാൻ ഭൂമിയിൽ ഉപരിതലത്തിൽ ഉണ്ടാകരുതെന്നും . ചേകന്നൂരിന് എന്താണ് സംഭവിച്ചതെന്ന് അറിയാമോ എന്നും അയാൾ എന്നോട് ചോദിച്ചു – മുസ്തഫ മൗലവി പറയുന്നു.
ഇത് സംബന്ധിച്ച് കോഴിക്കോട് സൈബർ പോലീസിൽ അമീൻ മാഹി എന്ന അമീൻ അബൂബക്കറിനെതിരെ മുസ്തഫ പരാതി നൽകിയെങ്കിലും മൊഴി രേഖപ്പെടുത്താനോ എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല.