ചെന്നൈ: വീരപ്പൻ വേട്ടയുടെ പേരിൽ തമിഴ്നാട്ടിൽ സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ വചാതി കൂട്ട ബലാത്സംഗ കേസിൽ പ്രതികളുടെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി. 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ 2011-ൽ പ്രത്യേക കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചിരുന്നു.
വീരപ്പൻ വേട്ടയുടെ പേരിൽ തമിഴ്നാട്ടിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ക്രൂരതയ്ക്ക് ഇരയായവർക്ക് നീതി ഉറപ്പാക്കണമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് വചാതി കൂട്ടബലാത്സംഗ കേസിൽ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളിയത്.
1992 ജൂണിലാണ് വീരപ്പൻ വേട്ടയുടെ ഭാഗമായി ധർമ്മപുരി ജില്ലയിലെ വചാതി ഗ്രാമത്തിൽ പ്രത്യേക നടപടി ഉണ്ടായത്. വീരപ്പനെ സഹായിക്കുന്നു എന്നാരോപിച്ച് വചാതി ഗ്രാമം വളഞ്ഞ 155 വനം വകുപ്പ് ജീവനക്കാർ, 108 പോലീസുകാർ, റവന്യു ജീവനക്കാരുമുൾപ്പെടുന്ന സംഘം, ഗോത്രവിഭാഗത്തിൽ പെട്ട പതിനെട്ട് യുവതികളെ ബലാത്സംഗം ചെയ്തു. കുടിലുകൾ പൂർണ്ണമായും തകർത്ത സംഘം 90 സ്ത്രീകളെയും 28 കുട്ടികളെയും 3 മാസം തടവിൽ ഇട്ടിരുന്നു.
സംഭവത്തിൽ പിന്നീട് പ്രതിഷേധം ശക്തമായതോടെ മദ്രാസ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും 2011-ൽ പ്രത്യേക കോടതി എല്ലാവരും കുറ്റക്കാർ ആണെന്ന് ഉത്തരവിടുകയും ചെയ്തു . നിരവധി പ്രതികൾ വിചാരണ കാലയളവിൽ മരണമടഞ്ഞ കേസിൽ പ്രത്യേക കോടതിയുടെ ശിക്ഷാ വിധിക്കെതിരെ പ്രതികൾ നൽകിയ ഹർജിയാണ് ഇപ്പോൾ മദ്രാസ് ഹൈക്കോടതി തള്ളിയത്.