ന്യൂഡൽഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള മൂന്ന് ഭീകരവാദികൾക്കായി രാജ്യവ്യാപകമായി അന്വേഷണം ഊർജ്ജിതമാക്കി ദേശീയ അന്വേഷണ ഏജൻസി. ഐഎസ്ഐഎസ് ഭീകരാക്രമണ പദ്ധതിയുമായി ബന്ധമുള്ള ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
മുഹമ്മദ് ഷാനവാസ്, അബ്ദുള്ള, റിസ്വാൻ എന്നിവർക്കെതിരെയാണ് തിരച്ചിൽ ശക്തമാക്കിയിരിക്കുന്നത്. മൂന്ന് പേരും ഐഎസ് സ്ലീപ്പർ സെല്ലിലെ അംഗങ്ങളാണെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യത്ത് ഒരു ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ഭീകരത വ്യാപിപ്പിക്കുക, ഐഎസ് അജണ്ടയോടെ കേന്ദ്ര സർക്കാരിനെ തകർക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ അവർ ഏർപ്പെട്ടിരുന്നതായി എൻഐഎ പറഞ്ഞു.
അതേസമയം ഇത്തരത്തിലുള്ള പിടികിട്ടാപുള്ളികളെ കണ്ടെത്താൻ ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലും മറ്റ് രഹസ്യാന്വേഷണ ഏജൻസികളും കഴിഞ്ഞ മാസം രാജ്യത്തുടനീളം നൂറിലധികം സ്ഥലങ്ങളിൽ രഹസ്യമായി റെയ്ഡ് നടത്തിയിരുന്നു.















