തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. 41,000 രൂപ കുടിശ്ശിക അടയ്‌ക്കാനുള്ളതിനെ തുടർന്നാണ് ഫ്യൂസ് ഊരിയതെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഫ്യൂസ് ഊരിയതിനെ തുടർന്ന് ഡിപ്പോ അരമണിക്കൂറോളം ഇരുട്ടിലായി.
അരമണിക്കൂറിന് ശേഷമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. റിസർവേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ സമയം പ്രതിസന്ധിയിലായി. യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെയാണ് ഡിപ്പോയിലെ ഫ്യൂസ് ഊരിയതെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ പറയുന്നു. സംഭവം വിവാദമായതിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയായിരുന്നു.