ഡെബിറ്റ്, ക്രെഡിറ്റ് പ്രീപെയ്ഡ് കാർഡുകൾ ഉപയോഗിക്കുന്നവരാണ് അധികവും. എന്നാൽ കാർഡുകൾക്ക് വേണ്ടി അപേക്ഷിക്കുന്നവർക്ക് നെറ്റ്‌വർക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാൻ സാധിക്കുമായിരുന്നില്ല. കാർഡ് നൽകുന്ന ഇഷ്യുവർ അല്ലെങ്കിൽ ബാങ്ക് തന്നെയാണ് നെറ്റ്‌വർക്ക് തിരഞ്ഞെടുത്ത് നൽകുന്നത്. എന്നാൽ നാളെ മുതൽ ഇതിന് മാറ്റം വരികയാണ്.
ഒക്ടോബർ ഒന്ന് മുതൽ കാർഡ് ഉപയോക്താക്കൾക്ക് അവരുടെ നെറ്റ്‌വർക്ക് ദാതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിച്ചിരുന്നു. നാളെ മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. 2023 ജൂലൈ അഞ്ചിന് പുറപ്പെടുവിച്ച കരട് സർക്കുലറിൽ ആണ് ഇത് സംബന്ധിച്ച പരാമർശം ഉള്ളത്. ഉപയോക്താക്കൾക്ക് ഒന്നിൽ കൂടുതൽ കാർഡ് ചോയ്‌സ് അനുവദിക്കുന്നതിനും ഇഷ്ടപ്പെട്ട നെറ്റ്‌വർക്ക് വിതരണക്കാരെ തിരഞ്ഞെടുക്കാൻ അനുവാദം നൽകണമെന്നും പരാമർശിച്ചിട്ടുണ്ട്.
കാർഡ് ഇഷ്യുവർ യോഗ്യരായ ഉപയോക്താക്കൾക്ക് ഒന്നിലധികം കാർഡ് നെറ്റ്‌വർക്കുകളിൽ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ നൽകും. ആർബിഐയുടെ നിർദ്ദേശാനുസരണം കാർഡ് ഇഷ്യു ചെയ്യുന്ന സമയത്തോ അല്ലെങ്കിൽ പുതുക്കുമ്പോഴോ ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പുതുക്കുമ്പോൾ ഉപഭോക്താക്കൾക്ക് നെറ്റ് വർക്ക് ദാതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ ലഭ്യമായിരിക്കും. അമേരിക്കൻ എക്‌സ്പ്രസ് ബാങ്കിംഗ് കോർപ്പറേഷൻ, ഡൈനേഴ്‌സ് ക്ലബ് ഇന്റർനാഷണൽ ലിമിറ്റഡ്, മാസ്റ്റർകാർഡ് ഏഷ്യ/പസഫിക് പി.ടി.ഇ. ലിമിറ്റഡ്, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ – റുപേ, വിസ വേൾഡ് വൈഡ് ലിമിറ്റഡ് എന്നിങ്ങനെ അഞ്ച് കാർഡ് നെറ്റ്വർക്കുകളാണ് ഇന്ത്യയിൽ ഉള്ളത്.