ശ്രീനഗർ: കശ്മീരിലെ കുപ്‌വാരയിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് സൈന്യം. സൈന്യവും കശ്മീർ പോലീസും ഇന്റലിജൻസ് ഏജൻസികളും സംയുക്തമായി നടത്തിയ തിരച്ചിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.
എകെ റൈഫിൾ, അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചർ (യുബിജിഎൽ), 26 അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചർ, ഹാൻഡ് ഗ്രനേഡുകളും വൻതോതിൽ സ്ഫോടക വസ്തുക്കളുമാണ് സംഘം കണ്ടെടുത്തത്. ഭീകരരുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും തിരച്ചിലുകൾ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യം സംശയിക്കുന്ന സാഹചര്യത്തിലാണ് തിരച്ചിൽ തുടരുന്നത്.
കഴിഞ്ഞ ദിവസം കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ മചൽ സെക്ടറിലുള്ള കുംകാദി ഏരിയയിലാണ് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചത്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കണ്ടെത്തിയത്.