വാഷിംഗ്ടൺ ഡിസി: ഇന്ത്യ- യുഎസ് ബന്ധത്തിന് അതിരുകളില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇരുരാജ്യങ്ങളും ഇപ്പോൾ പരസ്പരം കാണുന്നത് അഭിലഷണീയവും അനുയോജ്യവും സൗകര്യപ്രദവുമായ പങ്കാളികളായാണെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ‘കളേഴ്സ് ഓഫ് ഫ്രണ്ട്ഷിപ്പ്’ ചടങ്ങിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എസ്. ജയശങ്കർ.
‘എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്, ഈ ബന്ധം (ഇന്ത്യ-യുഎസ്) എവിടേക്കാണ് എങ്ങനെയാണ് പോകുന്നതെന്ന്. എന്നാൽ ഇപ്പോൾ അതിന് ഒരു പരിധിവയ്‌ക്കാനോ ഈ ബന്ധത്തെ നിർവചിക്കാനോ പ്രയാസമാണ്, കാരണം എല്ലാ വിധത്തിലും ഈ ബന്ധം പ്രതീക്ഷകൾക്കതീതമാണ്. അതുകൊണ്ടാണ് ഇന്ന് നമ്മൾ ഈ ബന്ധത്തെ നിർവചിക്കാൻ പോലും ശ്രമിക്കാത്തത്. യഥാർത്ഥത്തിൽ ആ ബന്ധത്തിന്റെ ആഴം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.’- ജയശങ്കർ പറഞ്ഞു.
ഞങ്ങൾ പുതിയ പ്രവൃത്തിരംഗങ്ങൾ കണ്ടെത്തുന്നത് തുടരുകയാണ്. പരസ്പരം എത്രത്തോളം ഒരുമിച്ച് പ്രവർത്തിക്കുന്നുവോ അത്രയധികം ഞങ്ങൾക്ക് ഒരുമിച്ച് പര്യവേക്ഷണം ചെയ്യാനും ഒരുമിച്ച് നേടാനും കഴിയുമെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അമേരിക്കയിലെത്തിയ എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൺ, മുതിർന്ന അംഗങ്ങൾ, വ്യവസായികൾ, തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.















