ബെംഗളൂരു: അമിത വേഗത്തിലെത്തില്‍ പാഞ്ഞെത്തിയ കാറിടിച്ച് ദമ്പതികളില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ഫുട്പാത്തിലൂടെ നടന്ന ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. ഭാര്യമരിച്ചു ഭര്‍ത്താവ് ഗുരുതരവസ്ഥയില്‍ ചികിത്സയിലാണ്.
കന്നഡ നടന്‍ നാഗഭൂഷണയുടെ കാറാണ് ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍ വച്ച് ദമ്പതികളെ ഇടിച്ചുതെറിപ്പിച്ചത്. കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ബെംഗളൂരുവിലെ കുമാരസ്വാമി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നടനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.
ശനിയാഴ്ച രാത്രി 9:45 ഓടെ വസന്തപുര പ്രധാന റോഡില്‍ ഫുട്പാത്തിലൂടെ നടന്നുപോയ ദമ്പതികളുടെ മേലെ നാഗഭൂഷണന്റെ കാര്‍ പാഞ്ഞു കയറുകയായിരുന്നു. ഉത്തരഹള്ളിയില്‍ നിന്ന് കോണനകുന്റെ ഭാഗത്തേക്ക് പോവുകയായിരുന്നു നടൻ.
ആദ്യം ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച കാര്‍ വൈദ്യുത തൂണില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. പരിക്കേറ്റ ദമ്പതികളില്‍ ഭാര്യ പ്രേമ (48) ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിച്ചു, ഭര്‍ത്താവ് കൃഷ്ണ (58) കാലുകള്‍ക്കും തലയ്‌ക്കും വയറിനും പരിക്കേറ്റ് ചികിത്സയിലാണ്. നാഗഭൂഷണന്‍ തന്നെയാണ് ദമ്പതികളെ ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.















