തൃശൂർ: ഗുരുവായൂരിൽ ശബരിമല മണ്ഡലകാലത്തിനോടനുബന്ധിച്ച് ദർശന സമയം നീട്ടും. ഭക്തജനത്തിരക്ക് കണക്കിലെടുത്താണ് ദർശന സമയം നീട്ടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികം ഒന്നാം തീയതി അതായത് നവംബർ 17 മുതലാണ് ദർശന സമയം നീട്ടുക.
ദർശന സമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം സമിതി തീരുമാനിക്കുകയായിരുന്നു. ക്ഷേത്രം തന്ത്രി പിസി ദിനേശൻ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശാനുസരണമാണ് ദർശനസമയം നീട്ടുന്നത്. നവംബർ 17 മുതൽ 2024 ജനുവരി 21 വരെയാകും ദർശന സമയം നീട്ടുക. ഈ ദിവസങ്ങളിൽ ക്ഷേത്ര നട ഉച്ചകഴിഞ്ഞ് 3.30 വരെ തുറക്കും. ശീവേലി കഴിഞ്ഞയുടൻ ഭക്തർക്ക് ദർശന സൗകര്യം സജ്ജമാക്കും.