ഇന്ത്യയുടെ അഭിമാനം ചന്ദ്രനിൽ സ്പർശിച്ച ധന്യമുഹൂർത്തത്തെ ആഘോഷമാക്കുന്നതിനായി കേന്ദ്ര സർക്കാർ ‘ചന്ദ്രയാൻ മഹാക്വിസ്’ ആരംഭിച്ചിരുന്നു. മഹാക്വിസിൽ രജിസ്റ്റർ ചെയ്യാനും പങ്കെടുക്കാനും ഇസ്രോയും നിർദ്ദേശിച്ചിരുന്നു. MyGov.in എന്ന വെബ്സൈറ്റ് വഴിയാണ് ക്വിസ് നടത്തുന്നത്. അഭിമാനകരമായ നേട്ടത്തെ ഒന്നിച്ച് ആഘോഷമാക്കാമെന്നായിരുന്നു ഇസ്രോ മേധാവി എസ്. സോമനാഥിന്റെ ആഹ്വാനം.
സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ക്വിസിൽ ഒക്ടോബർ 31 വരെ പങ്കെടുക്കാവുന്നതാണ്. മഹാക്വിസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ MyGov– വെബ്സൈറ്റിൽ isroquiz.mygov.in എന്നതിൽ അക്കൗണ്ട് സൃഷ്ടിക്കണം. തുടർന്ന് ‘Participate Now’ ടാബിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകുക. പിന്നാലെ രജിസ്ട്രേഷൻ പ്രക്രിയ കഴിഞ്ഞതായി അറിയിക്കും. തുടർന്ന് ഫോണിലേക്കോ ഇ-മെയിലിലേക്കോ OTP എത്തും. ഒടിപി നൽകുന്നതോടെ ക്വിസിൽ പങ്കെടുക്കാം.
പത്ത് ചോദ്യങ്ങൾക്കാണ് ഒരാൾ ഉത്തരം നൽകേണ്ടത്. ക്വിസിൽ പങ്കെടുത്ത് 24 മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റ് ഫോണിലെത്തും. എന്നാൽ ചോദ്യങ്ങളുടെ ഉത്തരം അറിയാൻ അൽപം കാത്തിരിക്കണം. മത്സരം അവസാനിച്ചതിന് ശേഷം മാത്രമാകും ഉത്തരങ്ങൾ പുറത്തുവിടുക.
ക്യാഷ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ച വെച്ച ഒരാൾക്ക് ഒരു ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി 75,000 രൂപയും മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നയാൾക്ക് 50,000 രൂപയുമാകും സമ്മാനമായി ലഭിക്കുക. കൂടാതെ 100 പേർക്ക് 2,000 രൂപ വീതം പ്രോത്സാഹന സമ്മാനമായും ലഭിക്കും. 200 പേർക്ക് 1000 രൂപ വീതവും നൽകും.