ആലപ്പുഴ: പ്രതിമാസം ലക്ഷക്കണക്കിന് രൂപ ലഭിച്ചിട്ടും വലിയകലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തെ അവഗണിച്ച് ദേവസ്വം ബോർഡ്. ക്ഷേത്രത്തിലെ ശോച്യാവസ്ഥ പരിഹരിക്കുന്നത് വൈകുന്നതിന്റെ കാരണം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഓംബുഡ്‌സ്മാൻ നിർദ്ദേശം നൽകി. ക്ഷേത്രവിശ്വാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പിആർ രാമനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പുരാതന ക്ഷേത്രമാണ് കലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കാണിക്കയായി ഒരു ലക്ഷം രൂപയും വഴിപാട് ഇനത്തിൽ ഒന്നര ലക്ഷം രൂപയും മാസന്തോറും ഇവിടെ നിന്നും ദേവസ്വം ബോർഡിന് ലഭിച്ചിട്ടും വികസന പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നാണ് വിശ്വാസികളുടെ പരാതി. ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് ക്ഷേത്രം.
മഴക്കാലത്ത് ചോർന്നൊലിക്കുന്നിതനാൽ മേൽക്കൂര പ്ലാസ്റ്റിക് കൊണ്ട് മറച്ചിരിക്കുകയാണ്. ദേവസ്വം കമ്മിറ്റി ഓഫീസ് ഏത് നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. ക്ഷേത്രത്തിൽ കുഞ്ഞിന് ചോറൂട്ടുന്നതിനിടെ ആനക്കൊട്ടിലിൽ മേൽക്കൂരയുടെ കോൺക്രീറ്റ് ഭാഗം അടർന്ന് വീണ് കുഞ്ഞിന്റെ അമ്മയ്‌ക്ക് പരിക്കേറ്റ സംഭവവും ഇവിടെ ഉണ്ടായിരുന്നു. തുടർന്ന് ആനക്കൊട്ടിൽ പൊളിച്ച് നീക്കുകയാണ് ചെയ്തത്. എന്നാൽ ഇതുവരെ അത് പുനർ നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. നിവേദ്യവും ക്ഷേത്ര ജീവനക്കാർക്കുള്ള ഭക്ഷണവും തയ്യാറാക്കുന്ന തിടപ്പള്ളിയും ജീർണാവസ്ഥയിലാണ്.
ശോച്യാവസ്ഥ പരിഹരിക്കുന്നത് വൈകുന്നത് സംബന്ധിച്ച് ദേവസ്വം ബോർഡ് സെക്രട്ടറി, കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരോടാണ് ഓംബുഡ്‌സ്മാൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. ക്ഷേത്രത്തിന്റെ നവീകരണവും അടിസ്ഥാന സൗകര്യ വികസനവും ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഭക്തർ.