ക്രിക്കറ്റില്‍ സിക്‌സറുകളുടെ അകലത്തിനനുസരിച്ച് റണ്‍സ് ഉയര്‍ത്തണമെന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ നിര്‍ദ്ദേശത്തിന് പിന്തുണയേറുന്നു. ക്രിക്കറ്റ് ജേണലിസ്റ്റായ വിമല്‍ കുമാറിന്റെ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണു രോഹിത് സിക്‌സറുകളുടെ കാര്യത്തില്‍ പരിഷ്‌കരണം വേണമെന്ന് അഭിപ്രായപ്പെട്ടത്. ഈ അഭിപ്രായത്തിന് പിന്തുണയുമായെത്തിയത് മുന്‍ ഇംഗ്ലീഷ് താരവും ഇപ്പോള്‍ കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണ്‍ ആണ്.
90 മീറ്റര്‍ സിക്‌സാണെങ്കില്‍ എട്ടു റണ്‍സും 100 മീറ്ററാണെങ്കില്‍ 10 റണ്‍സും നല്‍കണമെന്നാണ് രോഹിത് ആവശ്യപ്പെട്ടത്.’ഒരു ബാറ്റര്‍ 90 മീറ്റര്‍ സിക്‌സ് അടിച്ചാല്‍ എട്ട് റണ്‍സ് നല്‍കണം. നൂറു മീറ്റര്‍ സിക്‌സാണെങ്കില്‍ 10 റണ്‍സും. ക്രിസ് ഗെയിലും പൊള്ളാര്‍ഡുമെല്ലാം 100 മീറ്റര്‍ സിക്‌സുകള്‍ അടിക്കുന്നവരാണ്. കൂടുതല്‍ ഉയരത്തില്‍ അടിച്ച് ബൗണ്ടറി കടത്തിയാലും അവര്‍ക്കു കിട്ടുന്നത് ആറു റണ്‍സാണ്. അത് ന്യായമല്ല’ രോഹിത് പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ പറഞ്ഞതും ഇതുതന്നെയാണെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. നൂറു മീറ്റര്‍ സിക്‌സ് അടിച്ചാല്‍ 12 റണ്‍സ് നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.