തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ. വർക്കല ഇടവ സ്വദേശി സിയാദിനെയാണ് (24) അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. വർക്കല ഇടവ കാപ്പിൽ സ്വദേശിനിയായ 95കാരിയെയാണ് സിയാദ് ആക്രമിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 19 നാണ് സംഭവം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള മൂത്തമകൾക്കൊപ്പമാണ് വയോധിക താമസിച്ചു വന്നിരുന്നത്.
റോഡിലൂടെ നടന്ന് പോവുകയായിരുന്ന വൃദ്ധയുടെ മൂത്ത മകളെ സിയാദ് ഭയപ്പെടുത്തി ഓടിച്ചു. യുവതി വീടിന് മുന്നിലൂടെ ഓടി സമീപത്തെ അങ്കണവാടിയിലേക്ക് കയറുകയും ചെയ്തു. പിന്തുടർന്നെത്തിയ സിയാദ് യുവതി വീട്ടിലുണ്ടെന്നുള്ള ധാരണയിൽ വീട്ടിൽ അതിക്രമിച്ചു കയറി. വൃദ്ധയോട് മകളെ തിരക്കുകയും മകൾ വീട്ടിൽ ഇല്ലെന്ന് പറഞ്ഞതോടെ പ്രകോപിതനായ സിയാദ് വൃദ്ധ ബഹളം ഉണ്ടാക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
തുടർന്ന് യുവതിയെ വീട്ടിൽ കാണാതായതോടെ വൃദ്ധയെ കൊന്ന് കളയുമെന്നും മകളെ വെറുതെ വിടില്ലെന്നും ഭീഷണിപ്പെടുത്തിയ ശേഷമാണ് സിയാദ് വീട്ടിൽ നിന്നും പോയത്. ആക്രമണത്തിൽ വയോധികയുടെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്. അവശയായ വൃദ്ധ തൊട്ടടുത്ത വീട്ടിൽ കാര്യങ്ങൾ പറഞ്ഞതോടെ വാർഡ് മെമ്പറെയും ഇളയമകളെയും ഉടൻ തന്നെ വിവരമറിയിച്ചു. വാർഡ് മെമ്പർ വിവരം അറിയിച്ചതിനെ തുടർന്ന് അയിരൂർ പോലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധന നടത്തി.
പ്രദേശവാസിയായ യുവാവിനെ മൂത്തമകൾ തിരിച്ചറിയുകയും തുടർന്നുള്ള അന്വേഷണത്തിൽ ഇയാളെ എറണാകുളത്തു നിന്നും പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.