ന്യൂഡൽഹി: ഡൽഹിയിൽ മൂന്ന് പാക് ഐഎസ്‌ഐ ഭീകരരെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ. എൻഐഎയും ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. ഡൽഹിയിൽ വൻ ഭീകരാക്രമണം നടത്താൻ ഭീകരർ പദ്ധതി ഇട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡൽഹി, ഡെറാഡൂൺ, അലിഗഡ്, ലഖ്നൗ, മൊറാദാബാദ്, പ്രയാഗ്രാജ് തുടങ്ങീ ഒന്നിലധികം സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. എൻഐഎ സംഘം തലയ്‌ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ട ഭീകരനായ ഷാനവാസ് ആലവും(31) പിടിയിലായവരിൽ ഉൾപ്പെടുന്നു.
ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് റിസ്വാൻ അഷ്റഫ്(28), ഡൽഹി സ്വദേശി മുഹമ്മദ് അർഷാദ് വാർസ (29) എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. സെമി ഓട്ടോമാറ്റിക്ക് പിസ്റ്റൾ, സ്‌ഫോടക വസ്തുക്കൾ തുടങ്ങിയവയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. തലസ്ഥാനത്ത് ആക്രമണം നടത്താനുള്ള പദ്ധതികൾ സംഘം ആസൂത്രണം ചെയ്ത് വരികയായിരുന്നുവെന്ന് സ്പെഷ്യൽ പോലീസ് കമ്മീഷണർ എച്ച്ജിഎസ് ധലിവാൾ പറഞ്ഞു. മുംബൈ, സൂറത്ത്, വഡോദര, ഗാന്ധിനഗർ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ പ്രധാന രാഷ്‌ട്രീയ നേതാക്കളെ കൊലപ്പെടുത്താനും ഭീകരർ ലക്ഷ്യമിട്ടിരുന്നു.
തീവ്രവാദത്തിന് വേണ്ടിയുള്ള ധനസമാഹരണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഷാനവാസ് ആലം. ഝാർഖണ്ഡ് സ്വദേശിയായ ഷാനവാസ് 2016ൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ എഴുതുന്നതിന് വേണ്ടിയാണ് ആദ്യം ഡൽഹിയിലെത്തുന്നത്. ഇവിടെ വച്ച് ഐഎസ്‌ഐഎസ് ആശയങ്ങളിൽ ആകൃഷ്ടനായി ഭീകരസംഘടനയിൽ അംഗമായി മാറുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് എച്ച്ജിഎസ് ധലിവാൾ വ്യക്തമാക്കി.