ഡൽഹി: ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത ഐഎസ് ഭീകരൻ ഷാനവാസിന്റെ ഭാര്യ ഹിന്ദു യുവതി ആയിരുന്നുവെന്ന് ഡൽഹി പോലീസ്. ഗുജറാത്ത് സ്വദേശിനിയായ ബസന്തി പട്ടേലിനെയാണ് ഷാനവാസ് വിവാഹം ചെയ്തത്. വിവാഹശേഷം ബസന്തിയെ ഇസ്ലാമിലേക്ക് മതം മാറ്റിയ ശേഷം മറിയം എന്ന് പേര് മാറ്റുകയായിരുന്നു. ഷാനവാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് സ്‌പെഷ്യൽ പൊലീസ് കമ്മീഷണർ എച്ച്എസ് ധലിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.
എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട ഷാനവാസ് വിശ്വേശ്വരയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മൈനിംഗ് എഞ്ചിനീയറിംഗിലാണ് ബിരുദം നേടിയിട്ടുണ്ട്. ജയത്പൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഷാഫി ഉസാമ എന്ന ഷാനവാസിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഐഎസ് ഭീകരരും ഷാനവാസിന്റെ കൂട്ടാളികളുമായ മുഹമ്മദ് റിസ്വാൻ അഷ്‌റഫ്, മുഹമ്മദ് അർഷാദ് വാർസി എന്നിവരെ അറസ്റ്റ് ചെയ്യുന്നത്.
ബോംബും സ്‌ഫോടകവസ്തുക്കളും നിർമ്മിക്കുന്നതിനെ കുറിച്ച് വിവരരിക്കുന്ന പുസ്തകങ്ങളും ലഘുലേഖകളും തോക്കുകളും ഷാനവാസിന്റെ ഒളിത്താവളത്തിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവയിൽ പലതും പാകിസ്താനിൽ നിന്നാണ് എത്തിച്ചിരിക്കുന്നത്. വിദേശത്ത് നിന്നുള്ള ഭീകരരുടെ നിർദ്ദേശപ്രകാരമാണ് ഇന്ത്യയിൽ പലയിടത്തും ആക്രമണം നടത്താൻ ഷാനവാസ് പദ്ധതി ഇട്ടത്. ഇതിന് വേണ്ടുന്ന സഹായങ്ങളും ഇയാൾ വിദേശത്ത് നിന്ന് സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.