ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ ജഗദല്‍പൂരില്‍ 26,000 കോടിയിലധികം വരുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ജഗദ്പൂരിലെ ബസ്തര്‍ ജില്ലയിലെ നഗര്‍ലാറില്‍ എന്‍.എം.ഡി.സി സ്റ്റീല്‍ ലിമിറ്റഡിന്റെ സ്റ്റീല്‍ പ്ലാന്റും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 23,800 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പ്ലാന്റ് ഉയര്‍ന്ന നിലവാരമുള്ള സ്റ്റീല്‍ ഉത്പാദിപ്പിക്കുന്ന ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയാണ്. രാജ്യത്തിലെ എല്ലാ ഭാഗങ്ങളും വികസിക്കുമ്പോഴാണ് വികസിത രാജ്യം എന്ന കാഴ്ചപ്പാട് പൂര്‍ത്തിയാവുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തുടനീളം റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ റെയില്‍വേ വികസന പദ്ധതികളും ഛത്തീസ്ഗഡില്‍ അദ്ദേഹം സമര്‍പ്പിച്ചു. അനന്തഗഢിനും തരോക്കിക്കുംനുമിടയില്‍ പുതിയ റെയില്‍ പാതയും, ജഗദല്‍പൂരിനും ദന്തേവാരയ്‌ക്കും ഇടയില്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഛത്തീസ്ഗഡിലെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം പ്രധാനമന്ത്രി ഇന്നുതന്നെ തെലങ്കാന സന്ദര്‍ശിക്കുന്നതാണ്. നിസാമാബാദിലെത്തുന്ന പ്രധാനമന്ത്രി എന്‍.ടി.പി.സിയുടെ തെലങ്കാന സൂപ്പര്‍ തെര്‍മല്‍ പവര്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ആദ്യ 800 മെഗാവാട്ട് യൂണിറ്റ് രാജ്യത്തിന് സമര്‍പ്പിക്കും. ഇത് തെലങ്കാനയ്‌ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും. പരിസ്ഥിതിക്ക് അനുകൂലമായ രാജ്യത്തെ പവര്‍ സ്റ്റേഷനുകളില്‍ ഒന്നായി ഇത് മാറും. കൂടാതെ മനോഹരാബാദിനെയും സിദ്ദിപേട്ടിനെയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ ലൈനും ധര്‍മ്മബാദ് – മനോഹരാബാദ്, മഹബൂബ് നഗര്‍ – കര്‍ണൂല്‍ എന്നിവയ്‌ക്കിടയിലുള്ള വൈദ്യുതീകരണ പദ്ധതിയും അടക്കമുള്ള റെയില്‍വേ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
76 കിലോമീറ്റര്‍ നീളമുള്ള മനോഹരാബാദ്-സിദ്ദിപേട്ട് റെയില്‍ പാത മേഡക്, സിദ്ദിപേട്ട് ജില്ലകളിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഊന്നല്‍ നല്‍കും. ധര്‍മബാദ് – മനോഹരാബാദ്, മഹബൂബ് നഗര്‍ – കര്‍ണൂല്‍ എന്നിവയ്‌ക്കിടയിലുള്ള വൈദ്യുതീകരണ പദ്ധതി ട്രെയിനിന്റെ ശരാശരി വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് മേഖലയെ പരിസ്ഥിതി സൗഹൃദ റെയില്‍ ഗതാഗതത്തിലേക്ക് നയിക്കുകയും ചെയ്യും. പ്രാദേശിക റെയില്‍വേ യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന സിദ്ദിപേട്ട് – സെക്കന്തരാബാദ് – സിദ്ദിപേട്ട് ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി മോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും.
തെലങ്കാനയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി – ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ കീഴില്‍ സംസ്ഥാനത്തുടനീളം 20 ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകളുടെ (സി.സി.ബി) തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. അദിലാബാദ്, ഭദ്രാദ്രി കോതഗുഡെം, ജയശങ്കര്‍ ഭൂപാല്‍പള്ളി, ജോഗുലാംബ ഗഡ്വാള്‍, ഹൈദരാബാദ്, ഖമ്മം, കുമുരം ഭീം ആസിഫാബാദ്, മഞ്ചേരിയല്‍, മഹബൂബ്‌നഗര്‍ (ബേഡപള്ളി), മുലുഗു, നാഗര്‍കുര്‍ണൂല്‍, നല്‍ഗൊണ്ട, നാരായണ്‍പേട്ട്, നിര്‍മ്മല്‍, രാജണ്ണ സിര്‍സില, രംഗറെഡ്ഡി (മഹേശ്വരം) സുര്യപേട്ട്, പെദ്ദപ്പള്ളി, വികാരബാദ്, വാറംഗല്‍ (നര്‍സാംപേട്ട്) എന്നീ ജില്ലകളിലാണ് സി.സി.ബികള്‍ നിര്‍മിക്കുക.