ഇസ്ലാമാബാദ്: പാകിസ്താനിലെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് താത്കാലികമായി തടയിട്ട് ചൈന. ഇസ്ലാമാബാദിൽ വർദ്ധിച്ചു വരുന്ന ആഭ്യന്തര കലാപങ്ങളുടെയും പാകിസ്താനിലെ രാഷ്‌ട്രീയ അസ്ഥിരതയുടെയും പശ്ചാത്തലത്തിലാണ് ചൈനയുടെ നീക്കമെന്നാണ് റിപ്പോർട്ട്. ചൈന കൂടി കൈവിട്ടതോടെ അന്തർദേശീയ തലത്തിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് പാകിസ്താൻ.
ചൈന – പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ 11-ാം സമ്മേളനത്തിൽ ഇടനാഴിയുടെ വിപുലീകരണം സംബന്ധിച്ച് പാക് പ്രതിനിധികൾ നൽകിയ നിർദ്ദേശങ്ങൾ തള്ളുകയായിരുന്നു ചൈന. ഗ്വാദർ തുറമുഖത്തെ കറാച്ചിയിൽ നിന്നുള്ള 500 കിലോ വാട്ട് പവർ ഗ്രിഡുമായി ബന്ധിപ്പിക്കാനുള്ള പാക് അഭ്യർത്ഥനയും ചൈന നിരസിച്ചു. ഗിൽജിത്ത് ബാൾട്ടിസ്താൻ, ഖൈബർ -പഖ്തൂങ്ക്വാ തുടങ്ങിയ മേഖലകളിലെ ടൂറിസം വിപുലീകരണം, ഊർജ്ജ പദ്ധതികൾ, വാട്ടർ മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ടുള്ള പാകിസ്താന്റ മറ്റ് അഭ്യർത്ഥനകളും ചൈന നിരസിച്ചുവെന്നാണ് വിവരം.
ചൈനീസ് താത്പര്യങ്ങൾക്ക് പാക് ഭീകരരിൽ നിന്നും കനത്ത വെല്ലുവിളി നേരിടേണ്ടി വരുന്നുവെന്നത് ചൈനയെ ചൊടിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. ഇമ്രാൻ ഖാന്റ അറസ്റ്റിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആക്രമണ പരമ്പരകൾ ചൈനയ്‌ക്ക് വലിയ സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബലൂചിസ്ഥാനിലും ഖൈബർ പഖ്തൂങ്ക്വായിലും നിരന്തരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഫോടനങ്ങൾ പാകിസ്താനുമായി കൈക്കോർത്ത പല പദ്ധതികളിൽ നിന്നും പിന്മാറാൻ ചൈനയെ നിർബന്ധിതമാക്കിയിരിക്കുന്നു. ചൈനയുടെ പിന്മാറ്റം സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താനെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്.















