തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകൾ ഭാഗികമായി തകർന്നു. സെപ്റ്റംബർ 29-ന് ആരംഭിച്ച മഴയിൽ നെടുമങ്ങാട് താലൂക്കിലെ 11 വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. ചിറയിൻകീഴ്, വർക്കല, കാട്ടാക്കട താലൂക്കുകളിൽ നാല് വീടുകൾ വീതം ഭാഗികമായും തകർന്നു. ചിറയിൻകീഴ് താലൂക്കിലെ മാമം അംഗനവാടിയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്ന് പ്രവർത്തനം ആരംഭിച്ചു.
അതേസമയം ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു. ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയും നടത്താനിരുന്ന പിഎസ്‌സി പരീക്ഷകളാണ് മാറ്റി വെച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലെ പരീക്ഷകൾക്ക് ഇത് ബാധകമല്ല. അസി.പ്രിസണർ ഓഫീസർ കായികക്ഷമത പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്.















