അഹമ്മദാബാദ്:23കാരനായ ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയുടെ ആദ്യ ലോകകപ്പാണിത്. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ലോകകപ്പിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ച്വറി റെക്കോർഡ് പട്ടികയിലേക്കും താരത്തെ നയിച്ചു. മൂന്നാമനായി ക്രീസിലെത്തിയ താരം 96 പന്തിൽ നിന്ന് പുറത്താവതെ 5 സിക്‌സും 11 ഫോറും ഉൾപ്പെടെ 123 റൺസാണ് നേടിയത്. ഇന്ത്യൻ വംശജനായ രവീന്ദ്രയുടെ കരിയറിലെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു ഇത്.
ഇതോടെ ഏകദിന ലോകകപ്പിലെ അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി രചിൻ. ഈ റൊക്കോർഡിൽ ഉള്ളത് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയാണ്.
2011-ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിൽ കോഹ്ലി സെഞ്ച്വറി നേടിയപ്പോൾ 22 വർഷവും 106 ദിവസമായിരുന്നു പ്രായം. 1992 ലോകകപ്പിൽ സെഞ്ച്വറി നേടിയ മുൻ സിംബാബ്വെ താരം ആൻഡി ഫ്ളവർ (23 വർഷവും 301 ദിവസവും) രണ്ടാം സ്ഥാനത്തുണ്ട്.
ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡ് ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 9 വിക്കറ്റിനാണ് അടിയറവ് പറയിച്ചത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 283 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 36.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ഒരു വിക്കറ്റെടുക്കുകയും സെഞ്ച്വറി നേടുകയും ചെയ്ത രചിനായിരുന്നു മത്സരത്തിലെ താരം.