ഭുവനേശ്വർ: ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ആദരവായി ലോകപ്പ് ട്രോഫിയുടെ മിനിയേച്ചർ മഞ്ഞളിൽ നിർമ്മിച്ച്് മിനിയേച്ചർ ആർട്ടിസ്റ്റ് എൽ ഈശ്വർ റാവു. ഒരിഞ്ച് നീളത്തിലുളള ലോകകപ്പ് ട്രോഫിയുടെ മിനിയേച്ചർ രൂപം രണ്ട് ദിവസം കൊണ്ടാണ് ഈശ്വർ റാവു പൂർത്തിയാക്കിയത്.
ലോകകപ്പ് ട്രോഫി നിർമ്മിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ലോകകപ്പ് ബോളിനെ താങ്ങി നിർത്തുന്ന മൂന്ന് കാലുകൾ ട്രോഫിയിൽ ഉണ്ടായിരിക്കണം. മൂർച്ചയുളള ഉപകരണങ്ങളിലൂടെ മാത്രമേ ഇത്തരത്തിൽ മിനിയേച്ചർ ട്രോഫി നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. ഭാരതം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലും അതിന്റെ ഭാഗമാക്കുന്നതിലും രാജ്യത്തെ ജനങ്ങൾ അഭിമാനിക്കുന്നു. ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും നേരുന്നു.- അദ്ദേഹം പറഞ്ഞു.
പരിചയ സമ്പത്തും യുവതാരങ്ങളും ചേർന്ന ടീമിനെയാണ് ഇന്ത്യ ടൂർണമെന്റിൽ കളത്തിലിറക്കുന്നത്. രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, വിരാട് കോഹ്ലി, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ എന്നിവർ പരിസമ്പത്തിന്റെ പിൻബലത്തിൽ ടൂർണമെന്റിൽ പങ്കെടുക്കും. ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നീ യുവതാരങ്ങൾ ആദ്യമായാണ് ലോകകപ്പിന്റെ ഭാഗമാകുന്നത്. ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരാണ് ഇന്ത്യയുടെ ആദ്യമത്സരം.