ന്യൂഡൽഹി: ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ മാദ്ധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ ഗുരുതര ആരോപണം. 2019-ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം എന്ന ഗ്രൂപ്പുമായി ചേർന്ന് ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രഭീർ പുർകയസ്ത ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. വിദേശ പണം എത്തിക്കാൻ ചൈനീസ് കമ്പനികളായ ഷവോമി, വിവോ തുടങ്ങിയ ഷെൽ കമ്പനികളെ സംയോജിപ്പിച്ചതായും ഡൽഹി പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രഭീർ പുർകയസ്ത ഉൾപ്പെടെ 46 പേരുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആക്റ്റിവിസ്റ്റ് ഗൗതം നവ്ലാഖ, ചൈനീസ് പ്രചരണം നടത്തിയ അമേരിക്കൻ കോടീശ്വരൻ നെവിൽ റോയ് സിങ്കം എന്നിവരും പ്രതി പട്ടികയിൽ ഉൾപ്പെടുന്നു. മതസ്പർദ്ധ വളർത്തുന്ന പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിന് അറസ്റ്റിലായ ആക്റ്റിവിസ്റ്റുകളുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് നവ്ലാഖ. 2017 ഡിസംബറിൽ പൂനെയിൽ നടന്ന എൽഗർ പരിഷത്ത് സമ്മേളത്തിനിടെയായിരുന്നു 70-കാരിയുടെ രാജ്യവിരുദ്ധ പ്രസ്താവന. 2020-ലാണ് ഇവർ അറസ്റ്റിലാകുന്നത്. പുർകയസ്ത വിദേശ ഫണ്ടുകൾ നവ്ലാഖയ്‌ക്കും ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ കൂട്ടാളികൾക്കും വിതരണം ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നു.
ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും തകർക്കാനും രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുകയുമായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.നിരോധിത കമ്യൂണിസ്റ്റ് ഭീകര സംഘടനകൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിച്ച് നൽകുകയും അവരെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരർക്ക് പിന്നിൽ ന്യൂസ് ക്ലിക്കാണെന്നും ആരോപണം ഉയരുന്നുണ്ട്. ന്യൂസ് ക്ലിക്ക് പ്രവർത്തനം ആരംഭിച്ച സമയം മുതൽ നവ്‌ലാഖ ഓഹരി ഉടമയായിരുന്നുവെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കുന്നതിനായി രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾക്ക് പദ്ധതിയിട്ടതായും വിവരമുണ്ട്.
അരുണാചൽ പ്രദേശും കശ്മീരും ഇന്ത്യയുടെ ഭാഗമല്ലെന്ന് കാണിക്കുന്നതിനായും പ്രതികൾ പ്രവർത്തിച്ചു. കർഷക സമരത്തിന്റെ കാലത്ത് പ്രക്ഷേഭങ്ങൾ കടുപ്പിച്ച് സർക്കാരിനെതിരെ പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തു. കൊറോണ മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് നിഷേധാത്മക വിവരങ്ങൾ പോർട്ടൽ വഴി നൽകിയെന്നും എഫ്‌ഐആറിൽ പറയുന്നു. എന്നാൽ ചൈനീസ് സ്ഥാപനത്തിന്റെയോ അതോറിറ്റിയുടെയോ നിർദ്ദേശപ്രകാരം പ്രവർത്തിച്ചിട്ടില്ലെന്ന വിശദീകരണമാണ് ന്യൂസ് ക്ലിക്ക് നൽകുന്നത്.
കഴിഞ്ഞ ദിവസമാണ് നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം പ്രഭീർ പുർകയസ്തയെയും കൂട്ടാളികളെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി, നോയിഡ, ഗുരുഗ്രാം, മുംബൈ, ഗാസിയാബാദ് എന്നിവിടങ്ങളിലെ 30 സ്ഥലങ്ങളിൽ 400 പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട പത്രപ്രവർത്തകർ, ഫ്രീലാൻസർമാർ, എഴുത്തുകാർ തുടങ്ങിയ 46 പേരെ എട്ട് മണിക്കൂർ ചോദ്യം ചെയ്തു. ചോദ്യം ചെയ്തവരിൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തിരുന്നു.