ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ തേരോട്ടം തുടരുന്നു. ബ്രിഡ്ജ് ടീം ഇനത്തിലും പഞ്ചഗുസ്തിയിലുമാണ് ഇന്ത്യക്ക് മെഡൽ നേട്ടം. ബ്രിഡ്ജ് ടീം ഇനത്തിൽ വെള്ളിയും പുരുഷഗുസ്തിയിൽ വെങ്കലവുമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്.
ബ്രിഡ്ജ് ടീം ഇനത്തിൽ രാജു ടോളാനി, അജയ് പ്രഭാകർ കാഹ്റെ, രാജേശ്വരി തിവാരി, സുമിത് മുഖർജി എന്നിവരടങ്ങിയ സഖ്യമാണ് വെള്ളി നേടിയത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ബ്രിഡ്ജ് ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 2018-ലെ ഗെയിംസിലും ഇന്ത്യ ഈ ഇനത്തിൽ വെങ്കലം നേടിയിരുന്നു. ഫൈനലിൽ ഇന്ത്യൻ ടീം ഹോങ്‌കോംഗിനോട് പരാജയപ്പെടുകയായിരുന്നു.
പുരുഷഗുസ്തിയിൽ 57 കിലോ വിഭാഗത്തിൽ അമൻ സെഹ്റാവത്തിന് വെങ്കലം. ചൈനയുടെ മിൻഗു ലിയുവിനെ തകർത്താണ് അമൻ വെങ്കലം സ്വന്തമാക്കിയത്. 11-0 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 95 ആയി. 22 സ്വർണവും 34 വെള്ളിയും 39 വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.