ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന് വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം. വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ ഈ വർഷത്തെ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം ഇസ്രോ മേധാവി എസ് സോമനാഥിന് നൽകുമെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു.
ശാസ്ത്ര-സാങ്കേതിക രംഗത്ത് മികച്ച പുരോഗതിയ്ക്കായി പരിശ്രമിക്കുന്ന വിശിഷ്ട ശാസ്ത്രജ്ഞർക്കാണ് ഈ വാർഷിക പുരസ്കാരം നൽകുന്നത്. ജിഎസ്എൽവി മാർക്ക് ത്രീ വികസിപ്പിക്കുന്നതിലും ചന്ദ്രയാൻ-3യുടെ ചരിത്ര വിജയം സ്വന്തമാക്കുന്നതിനും ഇസ്രോ മേധാവി നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്.
രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ ഏഴിന് കൊച്ചി വിക്രം സാരാഭായ് സയൻസ് സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സോമനാഥിന് നൽകും. ഇതിന് ശേഷം ഇസ്രോ ചെയർമാൻ വിദ്യാർത്ഥികളുമായി സംവദിക്കും.