കൊച്ചി: മുനമ്പത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വൈപ്പിൻ ചാപ്പ സ്വദേശി ശരത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കടലിൽ പോയ ഏഴംഗ സംഘത്തിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ശരത്. 24 വയസായിരുന്നു.
ഇന്നു രാവിലെ 9 മണിയോടെയാണ് കോസ്റ്റൽ പോലീസ് മൃതദേഹം കണ്ടെത്തിയത്. അഴീക്കോട് നിന്നും 5 നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
അതേസമയം മറ്റു മൂന്നു പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഷാജി, രാജു, മോഹൻ, എന്നിവരെയാണ് കണ്ടെത്തേണ്ടത്. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും മറ്റൊരു മൃതദേഹം കടലിൽ കണ്ടതായി മത്സ്യത്തൊഴിലാളികൾ നിന്നും സൂചന ലഭിച്ചിട്ടുണ്ടെന്നും കോസ്റ്റൽ പോലീസ് അറിയിച്ചു.