ന്യൂഡൽഹി: ഭാരതം ബഹിരാകാശ നിലയം നിർമ്മിക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ഇസ്രോ മേധാവി എസ്. സോമനാഥ്. വരുന്ന 20-25 വർഷത്തിനുള്ളിൽ സ്വന്തമായ ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഗഗൻയാൻ ദൗത്യം നടപ്പാക്കുന്നതിന് പിന്നാലെ അടുത്ത ലക്ഷ്യം ബഹിരാകാശ നിലയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
20 മുതൽ 25 വരെ വർഷമെടുത്താകും നിർമ്മാണ പ്രവർത്തനം പൂർത്തീകരിക്കാൻ കഴിയുക. മനുഷ്യനെ എത്തിക്കുന്നതിനും കൂടുതൽ ദൈർഘ്യമുള്ള ബഹിരാകാശ യാത്ര നടത്താനും പ്രാപ്തമാക്കാൻ ബഹിരാകാശ നിലയത്തിന് കഴിയും. 2019-ലാണ് ആദ്യമായി ബഹിരാകാശ നിലയം നിർമ്മിക്കാൻ രാജ്യം പദ്ധതിയിടുന്നത്. തുടർന്ന് 2021-ൽ ഗഗൻയാൻ ദൗത്യം പ്രഖ്യാപിച്ച വേളയിൽ വരുന്ന പത്ത് വർഷത്തിനുള്ളിൽ നിലയം യാഥാർത്ഥ്യമാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി എത്തിയ കൊറോണ മഹാമാരിയെ തുടർന്ന് പദ്ധതി നീട്ടി വെയ്‌ക്കുകയായിരുന്നു.
എന്നാൽ ഇന്ന് വളരെ കൃത്യമായ പദ്ധതികളാണ് ഇസ്രോയ്‌ക്കുള്ളത്. ഗഗൻയാന് ശേഷം ബഹിരാകാശ നിലയം നിർമ്മിക്കുമെന്നും പിന്നാലെ മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയാണ് ലക്ഷ്യമെന്നും എസ്. സോമനാഥ് പറഞ്ഞു. ഇത് സംബന്ധിച്ച് മുൻ ഇസ്രോ മേധാവി കെ. ശിവൻ സൂചിപ്പിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സ്വതന്ത്രമായാകും ഭാരതത്തിന്റെ ബഹിരാകാശ നിലയം പ്രവർത്തിക്കുകയെന്നും ഐഎസ്എസിനേക്കാളും ചെറുതായിരിക്കുമെന്നും ഇസ്രോ അറിയിച്ചു.
ബഹിരാകാശ സഞ്ചാരികളെ ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ സാധ്യമല്ലാത്ത പരീക്ഷണങ്ങൾ നടത്താൻ അനുവദിക്കുന്ന മൈക്രോ ഗ്രാവിറ്റി എക്‌സ്പിരിമെന്റ്‌സ് നടത്താനാകും ബഹിരാകാശ നിലയം ഉപയോഗപ്പെടുത്തുക. വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിച്ച് അവരെ അവിടെ എത്തിക്കുകയല്ല മറിച്ച് പഠനങ്ങൾ നടത്താനാകും ആദ്യഘട്ടത്തിൽ ബഹിരാകാശ നിലയം ഉപയോഗപ്പെടുത്തുക. നിലവിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ മാത്രമാണ് വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാൻ കഴിയുക.
ഭൂമിയുടെ ഉപരിതലത്തിന്റെ 1000 കിലോമീറ്ററിൽ താഴെ ഉയരത്തിലാണ് ഐഎസ്എസ് പ്രവർത്തിക്കുന്നത്. ഉപരിതലത്തിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിൽ പറന്ന് 90 മിനിറ്റിനുള്ളിൽ നമ്മുടെ ഗ്രഹത്തിന്റെ പൂർണ്ണമായ സർക്യൂട്ട് ഉണ്ടാക്കുന്നു. യുഎസ്, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ 1998-ലാണ് ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കിയത്.