കേരളത്തിലെ ട്രെയിനുകൾ ഇനി പറപറക്കും;  റെയിൽപാതയിൽ വേഗം കൂട്ടാനുള്ള നടപടികൾ ആരംഭിച്ചു; തിരുവനന്തപുരം-കാസർകോട് ട്രെയിൻ യാത്ര അഞ്ചര മണിക്കൂറിനുള്ളിൽ സാധ്യമാകും

Published by
Janam Web Desk

തിരുവനന്തപുരം: കുതിച്ച് പായാനൊരുങ്ങി ട്രെയിനുകൾ. തിരുവനന്തപുരം-ഷൊർണൂർ റെയിൽപാതയിൽ വേഗം കൂട്ടാനുള്ള നടപടികൾക്ക് തിരുവനന്തപുരം ഡിവിഷൻ തുടക്കം കുറിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ കോട്ടയം വഴിയും ആലപ്പുഴ വഴിയും വേഗം 130 കിലോമീറ്ററായി ഉയർത്താനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം-ഷൊർണൂർ പാതയിലെ വേഗം 110 കിലോമീറ്ററോളം ആക്കാനുള്ള നടപടികൾക്കായി 381 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഭൂമിയേറ്റെടുക്കാതെ പണി തുടങ്ങാനാകുന്ന 86 ചെറിയ വളവുകളാണ് ആദ്യം നിവർത്തുക. തിരുവനന്തപുരം കായംകുളം ഭാഗത്ത് ഇത്തരം 22 വളവുകളാണുള്ളത്. സ്വകാര്യ ഭൂമി ഏറ്റെടുത്ത് നിവർത്തേണ്ട വലിയ വളവുകളുടെ പണികൾ പിന്നീട് നടത്താനാണ് ആലോചന.

110 കിലോമീറ്റർ വേഗം സാധ്യമായ മംഗളൂരു ഷൊർണൂർ പാതയിലെ ചെറിയ വളവുകൾ നിവർത്താനുള്ള കരാർ പാലക്കാട് ഡിവിഷൻ നേരത്തേ ക്ഷണിച്ചിരുന്നു. 288 വളവുകൾ നിവർത്തി വേഗം 130 കിലോമീറ്ററായി ഉയർത്താനാണു ശ്രമം. കേരളത്തിലെ ട്രാക്കുകളിലെ വേഗം ആദ്യം 110 കിലോമീറ്ററും പിന്നീട് 130 കിലോമീറ്ററുമാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം – കാസർകോട് ട്രെയിൻ യാത്ര അഞ്ചര മണിക്കൂറിനുള്ളിൽ സാധ്യമാകും. പ്രഖ്യാപനത്തിലെ ആദ്യഘട്ടമായി വളവുകൾ നിവർത്താനുള്ള നടപടികളാണ് നിലവിൽ നടക്കുന്നത്.

Share
Leave a Comment