ഹൈദരാബാദ്: ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പാകിസ്താനെ വിറപ്പിച്ചാണ് ഡച്ചുകാർ കീഴടങ്ങിയത്. പേര് കേട്ട പാക് നിരയെ ബാറ്റു കൊണ്ടും പന്തുകൊണ്ടും വിറപ്പിച്ചത് നെതർലൻഡ്‌സ് താരം ബാസ് ഡേ ലീഡേയായിരുന്നു. 4 വിക്കറ്റുമായി ബൗളിംഗിലും 68 പന്തിൽ 67 റൺസെടുത്ത് ബാറ്റിംഗിലും ബാസ് ഡേ ലീഡേ നെതർലൻഡ്‌സ് നിരയിൽ തിളങ്ങിപ്പോൾ ചെറുതായൊന്നുമല്ല പാകിസ്താൻ ഭയപ്പെട്ടത്.
പാക് പേസാക്രമണത്തെ ആത്മവിശ്വാസത്തോടെ നേരിട്ട ബാസ് ഡേ ലീഡേയും വിക്രംജിത് സിംഗും ബാറ്റിംഗിൽ പാകിസ്താന് വെല്ലുവിളികൾ ഉയർത്തി. വിക്രംജിത് സിംഗ് പുറത്തായശേഷം ബാസ് ഡേ ലീഡേയെ പുറത്താക്കാൻ ബാബർ അസം പേസർ ഹാരീസ് റൗഫിനെ കളത്തിലിറക്കി. 2022-ലെ ടി20 ലോകകപ്പിൽ റൗഫിന്റെ ബൗൺസർ കണ്ണിന് കൊണ്ട് ചോരയൊലിപ്പിച്ച് നിന്ന ലീഡേയുടെ മുഖം ആരാധകർ മറന്നിട്ടുണ്ടാവില്ല. അതേ തന്ത്രമായിരുന്നു ഇന്നലെയും ഹാരിസ് റൗഫ് പുറത്തെടുത്തത്.
എന്നാൽ തലക്കുനേരെ വന്ന റൗഫിന്റെ ബൗൺസറിനെ സിക്‌സറിന് പറത്തിയശേഷം ലീഡേ റൗഫിന് അടുത്തേക്ക് നടന്ന് ഒന്ന് കണ്ണിറുക്കി. ഒരു ചെറുമധുര പ്രതികാരമെന്നപോലെ. ബാസ് ഡേ ലീഡേ പ്രതികാരം തീർത്തെങ്കിലും മത്സരത്തിൽ ഹാരിസ് റൗഫ് 3 വിക്കറ്റുമായി തിളങ്ങി. പക്ഷേ അതിനെയും കടത്തിവെട്ടുന്നതായിരുന്നു നെതർലൻഡ് നിരയിലെ ഒറ്റയാൾ പോരാട്ടം.















