ചെന്നൈ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നിറങ്ങുമ്പോൾ കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികൾ. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ ഉച്ചയ്‌ക്ക് 2 മണിക്കാണ് മത്സരം. 2011ൽ സ്വന്തം മണ്ണിലുയർത്തിയ കിരീടനേട്ടം ഇത്തവണയും ആവർത്തിക്കാൻ ഇന്ത്യ എത്തുമ്പോൾ ആറാം കിരീടമാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. ലോകക്രിക്കറ്റിലെ അതിശക്തർ ഏറ്റുമുട്ടുന്ന മത്സരത്തിന്റെ ഫലം എന്താകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ മഴ വില്ലനായേകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ മത്സരാവേശം തണുപ്പിക്കാൻ മഴ അവതരിക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ലോകറാങ്കിംഗിലെ ഒന്നും മൂന്നും സ്ഥാനക്കാർ തമ്മിലെ പോരാട്ടത്തിൽ ജയം ആർക്കൊപ്പമെന്നത് പ്രവചിക്കുക അസാധ്യമാണ്. ഓസ്‌ട്രേലിയക്കെതിരെ പ്രഹരം തീർക്കാൻ ബാറ്റിംഗ് നിരയിൽ രോഹിത്, വിരാട്, രാഹുൽ, അയ്യർ എന്നിവരടങ്ങുന്ന ഇന്ത്യൻ നിര സജ്ജമാണ്. കഴിഞ്ഞ ലോകകപ്പിൽ അഞ്ച് സെഞ്ച്വറികൾ നേടിയ രോഹിത് ഇത്തവണയും ഫോമിലേക്ക് ഉയർന്നാൽ ഓസ്ട്രേലിയ അല്പം വെള്ളം കുടിക്കും. ആദ്യ ലോകകപ്പിനിറങ്ങുന്ന 6 താരങ്ങളും ഇന്ത്യൻ നിരയിലുണ്ട്. മറുഭാഗത്ത് സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറുമടങ്ങുന്ന നിരയും കരുത്തരാണ്.
ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയം പരമ്പരാഗതമായി സ്പിന്നിനെ തുണയ്‌ക്കുന്ന പിച്ചാണ്. സ്ലോ പിച്ചിൽ മീഡിയം പേസ് ബൗളർമാർ നിർണായകമാണ്. ഇന്ത്യ മൂന്ന് സ്പിന്നർമാരുമായിട്ടാണ് കളിക്കുക. രവീന്ദ്ര ജഡേജ, ആർ അശ്വിൻ, കുൽദീപ് യാദവ് എന്നിവർ ടീമിലെത്തും. അങ്ങനെ വന്നാൽ മുഹമ്മദ് ഷമി പുറത്തിരിക്കും. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും. പേസ് ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യ നിർണായകമാകും. കീപ്പറായി രാഹുലെത്തും. ഓസ്ട്രേലിയയ്‌ക്ക് പരിചിതമായ പിച്ചുകളായതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്കും കാര്യങ്ങൾ എളുപ്പമായിരിക്കില്ല. കൂടാതെ ഓൾറൗണ്ടർ ജോഷ് ഹേസൽവുഡും സ്ലോ പിച്ചുകളിൽ കഴിവ് തെളിയിച്ച മീഡിയം പേസറാണ്. ടോസ് നേടുന്നവർ ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.