ടെൽ അവീവ്: ഹമാസ് ഭീകരർക്കെതിരെ ശക്തമായി തിരിച്ചടിച്ച് ഇസ്രായേൽ സൈന്യം. ഹമാസ് ഇന്റലിജൻസ് മേധാവിയുടെ വസതി ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഹമാസ് ഇന്റലിജൻസ് മേധാവിയുടെ വസതിയിൽ ബോംബുകൾ വർഷിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ശക്തമായി തന്നെ തിരിച്ചടിയ്‌ക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ തന്നെ ഹമാസിന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിക്രൂരവും അപ്രതീക്ഷിതവുമായ യുദ്ധമാണ് ഹമാസ് ഭീകരർ നടത്തുന്നതെന്നും ഭീകരരെ ശക്തമായി പ്രതിരോധിക്കുമെന്നും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
ഇന്ന് രാവിലെയും ഹമാസ് ഭീകരർ ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ടെൽ അവീവ്, റെഹോവോട്ട്, ഗെഡേര, അഷ്‌കെലോൺ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ ഭീകരർ ഷെല്ല് ആക്രമണം നടത്തി. ഇതിന് പിന്നാലെ നിരവധി ഹമാസ് ഭീകരർ ഇസ്രായേലിലേക്ക് പ്രവേശിക്കുകയും ഇസ്രായേൽ പട്ടണങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തു. ഹമാസ് ഭീകരാക്രമണത്തിൽ 300-ൽ അധികം പേരാണ് കൊല്ലപ്പെട്ടത്.















