ടെൽ അവീവ്: ഇസ്രായേൽ ഹമാസിനെതിരെ നടത്തുന്ന പ്രത്യാക്രമണത്തിൽ 400-ൽ അധികം ഭീകരർ കൊല്ലപ്പെട്ടു. ഗാസയ്‌ക്കുള്ളിൽ നിരവധി ഭീകരരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേനയുടെ വക്താവ് ഡാനിയൽ ഹഗാരി ഞായറാഴ്ച പറഞ്ഞു. പിടിച്ചെടുത്ത പല പട്ടണങ്ങളിലും ഹമാസ് ഭീകരർക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്നും അറിയിച്ചു. ഞായറാഴ്ച നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങൾ അറിയിച്ചത്.
തെക്കൻ ഇസ്രായേലിലെ ഗാസ അതിർത്തിയോട് ചേർന്നിട്ടുള്ള കഫാർ ആസയിൽ ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുകയാണ്. നഗരങ്ങളിലെല്ലാം ഐഡിഎഫ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഹമാസ് ഭീകരർക്കായി പല നഗരങ്ങളിലും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അതിർത്തിയിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുക, ഹമാസ് നുഴഞ്ഞുകയറ്റം നിയന്ത്രിക്കുക, തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിക്കുക എന്നിവയാണ് ഐഡിഎഫിന്റെ പ്രധാന ദൗത്യമെന്നും ഹഗാരി കൂട്ടിച്ചേർത്തു.
ഇതിനിടയിൽ വടക്കൻ ഇസ്രായേലിലേക്ക് ലെബനിൽ നിന്നും നടത്തിയ ആക്രമണത്തിൽ ഉത്തരവാദിത്വം ഹമാസ് പിന്തുണയുള്ള ഹിസ്ബുള്ള ഭീകരർ ഏറ്റെടുത്തു. മൗണ്ട് ഡോവ് മേഖലയിലെ മൂന്ന് ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഹമാസ് ഭീകര സംഘടന അവകാശപ്പെടുകയും ചെയ്തു. റോക്കറ്റ് ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ലെബനൻ അതിർത്തിയിലെ മൗണ്ട് ഡോവ് മേഖലയിലാണ് ഹമാസ് ആക്രമണം നടത്തിയത്. ഹിസ്ബുള്ള ഭീകരർക്കെതിരെ ഇസ്രായേൽ സൈനികർ ഡ്രോൺ ആക്രമണം നടത്തിയതായും പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.