ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ ഒരു കോടി രൂപ വിലമതിയ്ക്കുന്ന സ്വർണം പിടികൂടി. എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. കോലാലംപൂരിൽ നിന്ന് ട്രിച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ യാത്രക്കാരനെ പരിശോധിച്ചത്. ചെരുപ്പുകളിലും അടിവസ്ത്രത്തനുള്ളിലും പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചാണ് പ്രതി സ്വർണം കടത്താൻ ശ്രമിച്ചത്. 1022 ഗ്രാം സ്വർണമാണ് പ്രതിയിൽ നിന്നും പിടികൂടിയത്.
അതേസമയം, കോലാലംപൂരിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്നും 61 ലക്ഷം രൂപ വിലമതിയ്ക്കുന്ന 1.06 കിലോഗ്രാം സ്വർണം പിടികൂടി. കഴിഞ്ഞ ദിവസം രണ്ട് കേസുകളിലായി 23.84 ലക്ഷം രൂപയുടെ സ്വർണം എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.