വിശാൽ നായകനായി ഏറ്റവും ഒടുവിൽ പുറത്തുവന്ന ചിത്രമാണ് മാർക്ക് ആന്റണി. തുടരെയുള്ള പാരജയങ്ങൾക്ക് ശേഷമാണ് വിശാലിന്റെ ഒരു ചിത്രം വെള്ളിത്തിരയിൽ ഹിറ്റാകുന്നത്. സ്ഥിരം ശൈലിയിൽ നിന്ന് മാറിയുള്ള വിശാലിന്റെ വളരെ വ്യത്യസ്തമായ ഒരു ചിത്രം കൂടിയാണ് മാർക്ക് ആന്റണി. കൂടാതെ ആദ്യമായി വിശാൽ മാർക്ക് ആന്റണിയിലൂടെ നൂറുകോടി ക്ലബിലും ഇടം പിടിച്ചു.
28 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ഒരു ടൈം ട്രാവൽ ഗണത്തിൽപ്പെട്ട സിനിമകൂടിയാണ്. വിശാലിനെ കൂടാതെ എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേയ്‌ക്ക് എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രൈമിലൂടെയായിരിക്കും ചിത്രം ഒടിടിയിലെത്തുക. ഒക്ടോബർ 13 ന് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കും.
വിവിധ ഭാഷകളിലായി റിലീസിനെത്തിയ ചിത്രത്തിന് വൻ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. കേരളത്തിലും ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. വിദേശത്തും സിനിമ മികച്ച കളക്ഷൻ നേടി. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. സുനിൽ, ശെൽവരാഘവൻ, ഋതു വർമ, വൈ ജി മഹേന്ദ്രൻ, നിഴൽഗൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.