കാനഡ: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇസ്രായേലിന് കാനഡ എല്ലാവിധ പിന്തുണയും നൽകുമെന്നും ട്രൂഡോ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ” ഇസ്രായേലിനെതിരായ ഹമാസിന്റെ ഭീകരാക്രമണങ്ങളെ കാനഡ ശക്തമായി അപലപിക്കുകയാണ്. ഇത്തരം അക്രമ സംഭവങ്ങൾ ഒരു രീതിയിലും അംഗീകരിക്കാനാകില്ല. ഈ സമയം കാനഡയുടെ പൂർണപിന്തുണ ഇസ്രായേലിനാണ്. സ്വയം പ്രതിരോധിക്കാനുള്ള അവരുടെ അവകാശത്തെ പൂർണമായി പിന്തുണയ്‌ക്കുകയാണ്. സാധാരണക്കാരായ ജനങ്ങൾ സംരക്ഷിക്കപ്പെടണം.
” ഇസ്രായേലിൽ നിന്ന് പുറത്തു വരുന്ന ഓരോ വിവരങ്ങളും അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികൾക്ക് വേണ്ടി ഞങ്ങളുടെ പ്രാർത്ഥനകൾ എപ്പോഴും ഉണ്ടാകും. ഹമാസിന്റെ പ്രാകൃതവും ക്രൂരവുമായ ആക്രമണങ്ങൾ എതിർക്കപ്പെടേണ്ടതാണ്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശങ്ങൾക്ക് ഒരിക്കൽ കൂടി പിന്തുണ നൽകുകയാണ്. ബന്ദികളാക്കപ്പെട്ടവരെ എത്രയും അന്താരാഷ്‌ട്ര നിയമങ്ങൾക്ക് അനുസൃതമായി മോചിപ്പിക്കണമെന്നും” ജസ്റ്റിൻ ട്രൂഡോ ആവശ്യപ്പെട്ടു.
എന്നാൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ട്രൂഡോയുടെ പ്രസ്താവന തള്ളിക്കൊണ്ട് കാനഡയുടെ വിവിധ ഭാഗങ്ങളിൽ പലസ്തീൻ പൗരന്മാർ ആഘോഷവുമായി തെരുവിലിറങ്ങി. ഇസ്രായേലിനെതിരായ യുദ്ധത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ഇവരുടെ പ്രകടനം. പലസ്തീൻ പതാക വീശി കാറുകളിലും ട്രക്കുകളിലും ആളുകൾ നീങ്ങുന്നതും, ഇസ്രായേലിനെതിരെ മുദ്രാവാക്യം മുഴക്കുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമാണ്. അതേസമയം സ്വന്തം രാജ്യത്തുള്ള ഖാലിസ്ഥാൻ ഭീകരർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത ട്രൂഡോയുടെ ഭാഗത്ത് നിന്നുണ്ടായ ഈ പരാമർശത്തിനെതിരെ പല കോണുകളിൽ നിന്ന് പരിഹാസവും ഉയരുന്നുണ്ട്.