ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് (സിസിപി) പങ്കുള്ളതായി റിപ്പോർട്ട്. സ്വതന്ത്ര ബ്ലോഗറായ ജെന്നിഫർ സെങ് ആണ് സിസിപിയുടെ ഏജന്റുമാരുടെ പങ്ക് ആരോപിച്ച് രംഗത്തെത്തിയത്. ഇന്ത്യയും പാശ്ചാത്യരാജ്യങ്ങളുമായി ഭിന്നിപ്പുണ്ടാക്കുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്നും ബ്ലോഗർ പറയുന്നു. തായ്‌വാനുമായി ബന്ധപ്പെട്ട് ഷി ജിൻപിങ്ങിന്റെ സൈനിക തന്ത്രത്തിന് അനുസൃതമായി ലോകത്തെ തകർക്കാനുള്ള സിസിപിയുടെ പദ്ധതിയുടെ ഭാഗമാണിതെന്നും അവർ കൂട്ടിച്ചേർത്തു. മനുഷ്യാവകാശ പ്രവർത്തകയും പത്രപ്രവർത്തകയുമാണ് ജെന്നിഫർ സെങ്. ചൈനയിൽ ജനിച്ച ഇവർ നിലവിൽ അമേരിക്കയിലാണ് താമസം.
ചൈനീസ് എഴുത്തുകാരിയും യൂട്യൂബറുമായ ലാവോ ഡെങിന്റെ ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ് താൻ് ബ്ലോഗ് ചെയ്തതെന്ന് ജെന്നിഫർ പറഞ്ഞു. ഷി ജിൻപിങ്ങിന്റെ സൈനിക തന്ത്രത്തിന് അനുസൃതമായി ലോകത്തെ തകർക്കാനുള്ള ഇഗ്നിഷൻ പ്ലാൻ പ്രകാരം ജൂണിൽ സിസിപി സുരക്ഷാ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥനെ യുഎസിലെ സിയാറ്റിലേക്ക് അയച്ചതായി ചൈനീസ് എഴുത്തുകാരി ആരോപിക്കുന്നു. അവിടെ രഹസ്യ യോഗം നടന്നതിന് പിന്നാലെയാണ് നിജ്ജാർ കൊല്ലപ്പെട്ടത്. പാശ്ചത്യ രാജ്യങ്ങളുമായി ഇന്ത്യ പുലർത്തുന്ന ബന്ധത്തെയും ഐക്യത്തെയും തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സെങ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. രഹസ്യയോഗത്തിന് പിന്നാലെ സിസിപി ഏജന്റുമാർ കൊലപാതക പദ്ധതി നടപ്പാക്കിയതായി ലാവോ പറയുന്നു. നിലവിൽ കാനഡയിലാണ് ലാവോ ഡെങ്.
ജൂൺ 18-ന് സൈലൻസർ ഘടിപ്പിച്ച തോക്കുകളുമായി ഏജന്റുമാരെത്തി. നിജ്ജാറിന്റെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ചതിന് പിന്നാലെയായിരുന്നു ഏജന്റുമാർ നിജ്ജാറിനെ വകവരുത്തിയതെന്നാണ് വിവരം. തെളിവ് നശിപ്പിക്കാനായി നിജ്ജാറിന്റെ കാറിലെ ഡാഷ് ക്യാമറ നശിപ്പിച്ചു. കൃത്യസമയത്ത് ധരിച്ചിരുന്ന വസ്ത്രവും ഉപയോഗിച്ച ആയുധങ്ങളും കത്തിച്ചു. തൊട്ടടുത്ത ദിവസം അവർ വിമാനമാർഗം കാനഡ വിട്ടതായി ലാവോ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഇന്ത്യക്കാരുടെ ഇംഗ്ലീഷ് ഉച്ചാരണ ഭേദം വരെ കൊലയാളികൾ പഠിച്ചു. സിസിപിയുടെ രണ്ട് രഹസ്യ യോഗങ്ങൾക്ക് ശേഷമാണ് ഇഗ്നിഷൻ പ്ലാൻ ആവിഷ്‌കരിച്ചതെന്നും ബ്ലോഗർ ആരോപിക്കുന്നു. ജെന്നിഫറിന്റെ ആരോപണങ്ങളിൽ ചൈനീസ് ഭരണകൂടം തികഞ്ഞ മൗനം പാലിക്കുകയാണ്. ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ ഒന്നും തന്നെ ഇല്ല എന്നതും ശ്രദ്ധേയമാണ്.
ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള സറെയിലെ ഗുരുദ്വാരയുടെ സമീപത്ത് വെച്ചാണ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. അജ്ഞാതർ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. കേന്ദ്ര സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഭീകരനായിരുന്നു ഇയാൾ. പഞ്ചാബിലെ ജലന്ധറിൽ ഹൈന്ദവ പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനെ തുടർന്ന് എൻഐഎ ഇയാളുടെ തലയ്‌ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു.















