ഇന്ത്യൻ സിനിമയിൽ ഇതിഹാസം സൃഷ്ടിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ആർആർആർ, ബാഹുബലി തുടങ്ങിയ വലിയ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകന്റെ ജന്മദിനമാണ് ഇന്ന്. ഇന്ത്യൻ സിനിമയെ ലോകമാസകലം എത്തിച്ച പ്രിയ സംവിധായകൻ എസ് എസ് രാജമൗലി തന്റെ 50-ാം ജന്മദിനം ആഘോഷിക്കുമ്പോൾ സിനിമാ ലോകം അദ്ദേഹത്തിന് ആശംസകൾ നേരുകയാണ്. ആർആർആർ താരങ്ങളായ രാം ചരണും ജൂനിയർ എൻടിആറും സംവിധായകന് ആശംസകൾ അറിയിച്ചു.
ആർആർആർ-ന്റെ ലൊക്കേഷനിൽ നിന്നെടുത്ത ഫോട്ടോ എക്സിൽ പങ്കുവെച്ചുകൊണ്ടാണ് അജയ് ദേവ്ഗൺ ആശംസയറിച്ചത്. “ജന്മദിനാശംസകൾ, രാജമൗലി സർ! ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ സ്പർശിക്കുന്ന മാസ്റ്റർപീസുകൾ സൃഷ്ടിക്കുന്നത് തുടരുക.” എന്നാണ് താരം കുറിച്ചത്.
സമൂഹമാദ്ധ്യമത്തിലൂടെ ആർആർആർ ലൊക്കേഷനിൽ നിന്നും രാജമൗലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാം ചരണും ജൂനിയർ എൻടിആറും ആശംസ നേർന്നത്. “നിങ്ങൾക്കൊപ്പമുള്ള എന്റെ നിമിഷങ്ങൾ ശരിക്കും ആരാധിക്കുന്നു. ജന്മദിനാശംസകൾ. എന്നാണ് രാം ചരൺ കുറിച്ചത്.
ആർആർആർ-ന്റെ ഔദ്യോഗിക എക്സ് പേജിലും രാജമൗലിക്ക് ആശംസ അറിയിച്ചിട്ടുണ്ട്. “സംവിധായകൻ രാജമൗലിക്ക് ജന്മദിനാശംസകൾ നേരുന്നു” എന്നാണ് കുറിച്ചിരിക്കുന്നത്. ആർആർആർ ലൊക്കേഷനിലെ നിരവധി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ആശംസ അറിയിച്ചിരിക്കുന്നത്.
ഇനി കാത്തിരിക്കുന്നത് മെയ്ഡ് ഇൻ ഇന്ത്യക്കു വേണ്ടിയാണ്. ആർആർആറിന്റെ ആഗോള വിജയത്തിന് ശേഷം മറ്റൊരു മാസ്റ്റർപീസുമായി എസ്എസ് രാജമൗലി എത്തുന്നുണ്ട്. ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതമാണ് വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രം കൊണ്ടുവരുമ്പോൾ സംവിധായകനായല്ല നിർമ്മാതാവിന്റെ കുപ്പായമണിയുകയാണ് എസ് എസ് രാജമൗലി. ദേശീയ പുരസ്‌കാര ജേതാവ് നിതിൻ കാക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയും വരുൺ ഗുപ്തയും ചേർന്നാണ് ബയോപിക് നിർമ്മിക്കുന്നത്.
ആർആർആർ, ബാഹുബലി തുടങ്ങിയ വലിയ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് രാജമൗലി. റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ സിനിമയുടെ ഉദയവും പിന്നിട്ട പടവുകളും ചിത്രം വരച്ചുകാട്ടും. വലിയ ക്യാൻവാസിൽ ഇതിഹാസ സമാനമായാണ് ചിത്രം പുറത്തിറങ്ങുക.
അതേസമയം പ്രഭാസിന്റെ കൽക്കി 2898 എഡിയിൽ രാജമൗലി ഒരു അതിഥി വേഷം ചെയ്യാൻ ഒരുങ്ങുന്നതായി വാർത്തകൾ പുറത്ത് വരുന്നുണ്ട്. മുമ്പ് ബാഹുബലിയുടെ ആദ്യഭാഗത്തിൽ രാജമൗലി ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു. മാത്രമല്ല, അദ്ദേഹം കുറച്ച് പരസ്യങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ‘കൽക്കി 2898 എഡി’യിലെ രാജമൗലിയുടെ അതിഥി വേഷം സംബന്ധിച്ച് സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.