ശ്രീലങ്കയെ തകർത്തപോലെ അടുത്ത മത്സരത്തിൽ ഇന്ത്യയെയും തകർക്കുമെന്ന് വെല്ലുവിളിച്ച് പാകിസ്താൻ വിക്കറ്റ് കീപ്പർ- ബാറ്റർ മുഹമ്മദ് റിസ്വാൻ. രണ്ടാം വിജയത്തിൽ ടീമിന്റെ ഒത്തിണക്കമാണ് ശ്രീലങ്കക്കെതിരെയുള്ള ജയത്തിന് പിന്നിലെന്നും ലോകകപ്പിൽ ഉടനീളം ഈ പ്രകടനം പുറത്തെടുത്ത് വിശ്വകിരീടത്തിൽ പാക് നിര മുത്തമിടുമെന്നും താരം പറയുന്നു.
പാകിസ്താന്റെ അടുത്ത മത്സരം ഇന്ത്യക്കെതിരെയാണ്. ശ്രീലങ്കക്കെതിരെയുളള ജയം ഇന്ത്യക്കെതിരെ ജയിക്കാനുളള ആത്മവിശ്വാസമാണ് നൽകുന്നത്. മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യക്കെതിരെ ജയം നേടും.- റിസ്വാൻ കൂട്ടിച്ചേർത്തു.
ശ്രീലങ്കക്കെതിരെ റിസ്വാൻ കാഴ്ച വെച്ചത് നല്ല പ്രകടനമാണ്. ബാറ്റിംഗിനിടെ പലപ്പോഴും റിസ്വാൻ പേശിവലിവ് മൂലം ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. വേദനകൊണ്ട് താരം ഗ്രൗണ്ടിൽ വീണ് പുളയുന്നതും കാണാനായി. പരിക്കേറ്റ് പുളഞ്ഞിട്ടും എങ്ങനെ താരം സിംഗിളും ഡബിളുമെല്ലാം ഓടിയെടുത്തു എന്നത് പരിക്കിൽ സംശയം ജനിപ്പിച്ചിരുന്നു. മത്സരത്തിന് ശേഷം താരം നടത്തിയ പ്രതികരണവും സംശയത്തിന് ആക്കം കൂട്ടുന്നതായിരുന്നു.















