ഡൽഹി:വമ്പൻ അട്ടിമറി നടത്തുമെന്ന് ക്രിക്കറ്റ് പണ്ഡിതർ പ്രവചിച്ച അഫ്ഗാനെ അട്ടിമറി പോയിട്ട് അ എന്ന് പറയാൻ പോലും അനുവദിക്കാതെ അക്ഷരാർത്ഥത്തിൽ എടുത്തിട്ടലക്കി ലോകകപ്പിലെ രണ്ടാം വിജയം സ്വന്തമാക്കി ഇന്ത്യ. നായകൻ രോഹിത് ശർമ്മ മുന്നിൽ നിന്ന് നയിച്ച ഇന്നിംഗ്‌സിൽ ബാറ്റിംഗിന് ഇറങ്ങിയവരൊക്കെയും തകർത്തടിച്ചപ്പോൾ ഇന്ത്യ 35-ാം ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 273 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ഒരിക്കൽപ്പോലും വെല്ലുവിളിക്കാൻ അഫ്ഗാൻ കരുത്തിനായില്ല. ഇന്ത്യ എട്ടു വിക്കറ്റിന് വിജയം കൈപിടിയിലൊതുക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന് ആശ്വസിക്കാൻ വകയുള്ളത് റാഷിദ് ഖാന് ലഭിച്ച രണ്ടു വിക്കറ്റ് മാത്രമാണ്. 84 പന്തിൽ 131 റൺസെടുത്ത് അഫ്ഗാനെ ഇല്ലാതാക്കിയത് ഹിറ്റ്മാനായിരുന്നു.
ലോകകപ്പിലെ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോർഡും രോഹിത് പഴങ്കഥയാക്കി. 16 ഫോറും 5 പടുകൂറ്റൻ സിക്‌സറുകളുമായാണ് താരം ലോകകപ്പിലെ ഏഴാം സെഞ്ച്വറി പൂർത്തിയാക്കിയത്.55 റൺസുമായി കോഹ്ലിയും 25 റൺസുമായി ശ്രേയസ് അയ്യറും പുറത്താകാതെ നിന്നു. മുൻ നിര ബാറ്റർമാരെല്ലാം കഴിഞ്ഞ മത്സരത്തിലെ ക്ഷീണം തീർത്തപ്പോൾ അഫ്ഗാന് മറുപടിയുണ്ടായിരുന്നില്ല. ആദ്യ മത്സരത്തിൽ പൂജ്യത്തിന് മടങ്ങിയ ഇഷാനും 47 പന്തിൽ 47 റൺസ് സ്‌കോർ ചെയ്തു.
ഓപ്പണിംഗ് വിക്കറ്റിൽ ഇറങ്ങിയ നായകൻ രോഹിത് ശർമ്മ(131)യും ഇഷാൻ കിഷനും ചേർന്ന് 156 റൺസ് ഇന്ത്യൻ സ്‌കോർ ബോർഡിൽ എഴുതിചേർത്തു. 47 റൺസെടുത്ത ഇഷാനും അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്ലി(55)യുടെയും മികവിൽ ഇന്ത്യ വിജയം കൈപടിയിലൊതുകുകയായിരുന്നു. ശ്രേയസ് അയ്യർ 23 പന്തിൽ നിന്ന് 25 റൺസോടെ പുറത്താകാതെ നിന്നു.
ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തു. ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി(80) അസ്മത്തുള്ള ഒമർസായ്(62)എന്നിവരുടെ അർദ്ധസെഞ്ച്വറി പ്രകടനം അഫ്ഗാന് കരുത്തായി. ഇന്ത്യയ്‌ക്കായി ജസ്പ്രീത് ബുമ്ര നാല് വിക്കറ്റ് വീഴ്‌ത്തി. ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു.
39 റൺസ് വിട്ടു നൽകി പത്ത് ഓവറിൽ നാല് വിക്കറ്റാണ് ബുമ്ര നേടിയത്. ഇബ്രാഹിം സദ്രാൻ (22), റഹ്‌മാനുള്ള ഗുർബാസ് (21), റഹ്‌മത്ത് ഷാ (16) എന്നിവരെ 15 ഓവറിന് മുമ്പേ അഫ്ഗാനിസ്ഥാന് നഷ്ടമായിരുന്നു. പിന്നീട് ക്രീസിൽ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി(80) അസ്മത്തുള്ള ഒമർസായ്(62) കൂട്ട്‌കെട്ടിൽ പിറന്ന 121 റൺസ് അഫ്ഗാനിസ്ഥാന് മികച്ച സ്‌കോർ സമ്മാനിച്ചു. ഹഷ്മത്തുള്ള ഷാഹിദി(80)യാണ് അഫ്ഗാൻ നിരയിലെ ടോപ് സ്‌കോറർ. പാണ്ഡ്യയാണ് 35-ാം ഓവറിൽ ഒമർസായിയെ പുറത്താക്കി ഈ കൂട്ട് കെട്ട് പൊളിച്ചത്.
പിന്നാലെ മുഹമ്മദ് നബി (19), നജീബുള്ള സദ്രാൻ (2), റാഷിദ് ഖാൻ (16) എന്നിവർക്കും മത്സരത്തിൽ തിളങ്ങാൻ കഴിഞ്ഞില്ല. മുജീബ് ഉർ റഹ്‌മാൻ (10), നവീൻ ഉൾ ഹഖ് (9) എന്നിവർ പുറത്താകാതെ നിന്നു.