ബഹിരാകാശം എന്ന് കേൾക്കുമ്പോൾ തന്നെ ഇന്നും മനുഷ്യന് അത്ഭുതമാണ്. ബഹിരാകാശമെന്നത് കേട്ട് മാത്രമുള്ള അറിവാണെങ്കിൽ ഇനി അനുഭവിച്ചറിയാനുള്ള അവസരവും നമ്മുടെ ഇന്ത്യൻ ബഹിരാകാശ ഏജൻസി സാദ്ധ്യമാക്കുമെന്ന കാര്യത്തിൽ സംശയം ഒന്നുതന്നെ ഇല്ല. അത് ഇനി എന്നാകുമെന്ന് മാത്രം അറിഞ്ഞാൽ മതി. ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത കോടിക്കണക്കിന് രഹസ്യങ്ങളാണ് ഇന്നും ബഹിരാകാശത്ത് ഉള്ളത്.
ഭൂമിയെ ചുറ്റിപ്പറ്റിയാണ് ചന്ദ്രന്റെ വാസം. രാവും പകലും നൽകുന്നതിലുപരി ചില രഹസ്യങ്ങളുമുണ്ട് ഇരുവരെയും കുറിച്ച് ചില കൗതുകകരമായ വിവരങ്ങൾ ഇതാ…
1.4 ബില്യൺ വർഷങ്ങൾക്ക് മുൻപ് 18 മണിക്കൂറായിരുന്നു ഒരു ദിവസം!
ഭൂമിയിലെ ദിവസങ്ങളുടെ എണ്ണം വർദ്ധിക്കാൻ ഇടയുണ്ടെന്ന സൂചന അടുത്തിടെ പുറത്തുവന്നിരുന്നു. ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുന്നതായാണ് പഠനങ്ങൾ പറയുന്നത്. എല്ലാ വർഷവും ഭൂമി അതിന്റെ ഭ്രമണം അവസാനിപ്പിക്കാൻ നന്നേ ചെറിയ സമയമെടുക്കുന്നു. ഇത് ഭാവിയിൽ ദിവസത്തിന്റെ ദൈർഘ്യം വർദ്ധിക്കുന്നു. എന്നാൽ ഇത് വളരെയധികം പ്രകടമായ മാറ്റമല്ല, മറിച്ച് ഓരോ നൂറ്റാണ്ടിലും ഭൂമി ഒരു സെക്കൻഡോളം കറങ്ങുന്നത് മന്ദഗതിയിലാകുന്നുവെന്നാണ് പറയുന്നത്. അതായത്, ആയിരം വർഷങ്ങൾക്ക് ശേഷം ഒരു ദിവസത്തിന് ഇന്നത്തേക്കാൾ ഒരു സെക്കൻഡ് കൂടുതലായിരിക്കുമെന്ന് ചുരുക്കം.
1.4 ബില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ 24 മണിക്കൂർ ആയിരുന്നില്ല, മറിച്ച് 18 മണിക്കൂറായിരുന്നു ഒരു ദിവസം. ഭൂമിക്ക് സ്വയം കറങ്ങാൻ 18 മണിക്കൂർ മാത്രമാണ് ആവശ്യമായിരുന്നത്. ചന്ദ്രന്റെ സാമീപ്യമായിരുന്നു ഇതിന് പിന്നിൽ. പിന്നിടുണ്ടായ സൗരയൂഥ പരിണാമവും ഭൂമിയിലെ മാറ്റങ്ങളും കാലാവസ്ഥ പരിവർത്തനങ്ങളുമാണ് ഭൂമിയെ സ്വയം കറങ്ങുന്നതിന് 24 മണിക്കൂർ നേരം എന്നതിലേക്ക് എത്തിച്ചത്.
ഭൂമിയും ചന്ദ്രനും എന്തുകൊണ്ട് കൂട്ടിയിടിക്കുന്നില്ല?
ചന്ദ്രൻ ഭൂമിയെ വലം വെയ്‌ക്കുന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ചന്ദ്രന്റെ സാന്നിധ്യം കാരണമാണ് ഭൂമിയ്‌ക്ക് മുട്ടയുടെ ആകൃതി ഉണ്ടായതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വലം വെക്കുന്ന ചന്ദ്രൻ ഭൂമിയിൽ നിശ്ചിത പ്രഭാവം നൽകുന്നു. ഈ ബലം അല്ലെങ്കിൽ സ്വാധീനം ഭൂമിയിലെ ജലത്തെ ബാധിക്കുന്നു, വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്നു.
ഈ സമയം സത്യത്തിൽ ബഹിരാകാശത്ത് പിടിവലി നടക്കുന്നുവെന്ന് വേണമെങ്കിൽ പറയാം. കാരണം, ഭൂമിയുടെ ഗുരുത്വാകർഷണ ബലം ചന്ദ്രനെ ഭൂമിയിലേക്കും ചന്ദ്രന്റെ ബലം ചന്ദ്രനെ പിന്നോട്ടെക്കും പോകാൻ അനുവദിക്കുന്നു. ഭൂമിക്ക് ഊർജ്ജം നഷ്ടപ്പെടുമ്പോൾ ചന്ദ്രന് ഊർജ്ജം ലഭിക്കുന്നു. ഈ ഊർജ്ജം കാരണം ഭൂമിയിൽ നിന്ന് ചന്ദ്രൻ അകലുന്നുവെന്നാണ് നാസയുടെ പഠനം പറയുന്നത്. ഓരോ വർഷവും ചന്ദ്രൻ ഭൂമിയിൽ നിന്ന് 3.8 സെന്റിമീറ്റർ അകലുന്നു. 2.46 ബില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം കേവലം 60,000 കിലോമീറ്റർ മാത്രമായിരുന്നുവെങ്കിൽ ഇന്ന് 3,84,400 കിലോമീറ്ററാണ്. അതുകൊണ്ട് തന്നെ ആദ്യ കാലത്ത് 17 മണിക്കൂറോളം സൂര്യപ്രകാശം ഭൂമിയിൽ ലഭിച്ചിരുന്നു. ആദ്യ കാലത്തേതിന് സമാനമായി ഭൂമിക്ക് അടുത്തായിരുന്നു ചന്ദ്രനെങ്കിൽ ഇരുവരും തമ്മിൽ കൂട്ടിയിക്കാനും സാധ്യതയുണ്ടായിരുന്നു.
ഭൂമി മുട്ടയെങ്കിൽ ചന്ദ്രൻ നാരങ്ങ!
ഭൂമിയും ചന്ദ്രനും തമ്മിൽ പിടിവലി നടക്കുന്നുവെന്ന കാര്യം സൂചിപ്പിച്ചിരുന്നല്ലോ, ഈ പിടിവലിയിൽ കാരണമാണ് ഭൂമിക്ക് മുട്ടയുടെ ആകൃതിയെങ്കിലും ചന്ദ്രന്റെ ആകൃതിയെയും ഇത് ബാധിച്ചിട്ടുണ്ട്. ഇതുവരെ നമ്മൾ കരുതിയിരുന്നത് പോലെ വൃത്താകൃതിയിൽ അല്ല ചന്ദ്രൻ. നാരങ്ങയുടെ ആകൃതിക്ക് സമാനമാണ് ചന്ദ്രൻ എന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.
ചന്ദ്രൻ അതിന്റെ മധ്യരേഖയ്‌ക്കിടയിലുള്ള ധ്രുവങ്ങളിൽ പരന്നാണ് കാണപ്പെടുന്നത്. ഭൂമിയുടെ രൂപീകരണത്തിന് പിന്നാലെ ഭൂമിയുമായി ഇടപഴകുന്നതിനിടയിലാണ് ഈ വിചിത്രമായ രൂപം സൃഷ്ടിക്കപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്. ഭൂമിക്കും ചന്ദ്രനുമിടയിൽ ആദ്യകാലങ്ങളിൽ ഉണ്ടായ പരിക്രമണ ശക്തികൾ ചന്ദ്രന്റെ പുറംതോടിൽ ഘർഷണം ഉണ്ടാക്കുകയും തൽഫലമായാണ് മധ്യരേഖയിലെ പ്രദേശങ്ങൾ പുറത്തേക്ക് വികസിച്ചത്. ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നതോടെ ഈ വികസിക്കലിന്റെ തോതും കുറഞ്ഞു.















