തിരുവനന്തപുരം: ഹമാസ് ഭീകരർ എന്ന പ്രസ്താവന പിൻവലിച്ച് സിപിഎം നേതാവ് കെ.കെ ഷൈലജ. ഇസ്രായേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ കെ.കെ ഷൈലജയ്‌ക്കെതിരെ പരോക്ഷ മറുപടിയുമായി കെ.ടി ജലീല്‍ അടക്കമുള്ളവർ രംഗത്തു വന്നിരുന്നു. സൈബര്‍ സഖാക്കളുടെയും ഇസ്ലാമിസ്റ്റുകളുടെയും സൈബർ ആക്രമണം രൂക്ഷമായതോടെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് കെ.കെ ഷൈലജ. ഹമാസ് ഭീകരർ എന്നത് ഒഴിവാക്കി ഹമാസ് എന്ന് മാത്രമാണ് ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്. വോട്ട് ബാങ്ക് നഷ്ടമാകാതിരിക്കാൻ തലയൂരുകയാണ് സിപിഎം നേതാവ്.
കെ.കെ ഷൈലജയുടെ ഫേസ്ബുക്ക് കുറിപ്പ്,
ഇസ്രയേൽ-പാലസ്തീൻ യുദ്ധത്തെക്കുറിച്ച് ഞാൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതായി കാണുന്നു. 1948 മുതൽ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടും ക്രൂരതകൾക്ക് കാരണക്കാർ ഇസ്രായേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത്. ഇടതുപക്ഷം എപ്പോഴും പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്ന ഇസ്രായേലിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുദ്ധ തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല എന്നും പോസ്റ്റിൽ എഴുതിയിരുന്നു.
പാലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രായേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്ന് പോസ്റ്റിൽ എഴുതിയിരുന്നു. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. ഇസ്രായേൽ ഇപ്പോൾ പ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്‌ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കും.















