ബിയറിന്‌റെ രുചി മാറും; വില കുതിച്ചുയരും; കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് ഗവേഷകർ; പഠന റിപ്പോർട്ട് പുറത്ത്

Published by
Janam Web Desk

ബിയർ നിർമ്മിക്കുന്നത് എന്തെല്ലാം പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ടാണെന്നറിയാമോ? മദ്യപാനികളുടെ ഇഷ്ട പാനീയമായ ബിയറിൽ പ്രധാനമായും നാല് ചേരുവകളാണുള്ളത്. ധാന്യങ്ങൾ, വെള്ളം, യീസ്റ്റ്, ഹോപ്‌സ് എന്നിവയാണത്. ബിയറുകളുടെ കയ്പും രുചിയും നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നവയാണ് മേൽ പരാമർശിച്ച ഹോപ്. ഇത് ഹോപ് എന്ന സസ്യത്തിൽ നിന്നുള്ള പുഷ്പമാണ്. നാച്ചുറൽ കമ്യൂണിക്കേഷൻസ് എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠന റിപ്പോർട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനം മൂലം ബിയർ ഉത്പാദന ചിലവ് ഉയരുമെന്നാണ് പറയപ്പെടുന്നത്. മാത്രവുമല്ല, ബിയറിന്‌റെ രുചിയിൽ വലിയ തോതിലുള്ള വ്യത്യാസം സംഭവിക്കുമെന്നും പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിന് കാരണമാകുന്നത് ഹോപ് സസ്യത്തിന്റെ ഗുണനിലവാരമാണ്.

ബിയറിലെ സുപ്രധാന ചേരുവയായ യുറോപ്യൻ ഹോപ് പുഷ്പത്തിന്റെ ഗുണമേന്മയിൽ ഇടിവ് സംഭവിക്കുമെന്നാണ് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമാകുക. ഹോപ് സസ്യത്തിന്റെ വളർച്ചയും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ബന്ധം ചെക്ക് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകരും കാംബ്രിഡ്ജ് സർവകലാശാലയും ചേർന്നാണ് കണ്ടെത്തിയത്.

ബിയറിന്റെ ആവശ്യക്കാർ കൂടിയതോടെ ഹോപ് സസ്യത്തിന്റെ ഉത്പാദനവും വൻ തോതിൽ വർധിപ്പിക്കേണ്ടി വന്നിരുന്നു. എന്നാൽ വരൾച്ചയും ഉയർന്ന താപനിലയും കാരണം ഇത് യൂറോപ്യൻ ഹോപ് സസ്യത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങി. 2050 ആകുമ്പോഴേക്കും പരമ്പരാഗത ഹോപ് സസ്യത്തിന്റെ വിളവ് 4 മുതൽ 18 ശതമാനം വരെ ഇടിയുമെന്ന് ഗവേഷകരുടെ അനുമാനം. അതിനാൽ കാലാവസ്ഥാ വ്യതിയാനം മൂലം ബിയറിന്റെ രുചി മാറുക മാത്രമല്ല, വിലയും കുതിച്ചുയരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

Share
Leave a Comment