ഗൂവാഹത്തി: ഇസ്രായിലിന് നേരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിനെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാകിസ്താന് സമാനമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹമാസിന്റെ ഭീകരാക്രമണങ്ങളെ കോൺഗ്രസ് അപലപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ജോർഹട്ടിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ഹമാസിന്റെ ഭീകരാക്രമണങ്ങളെ കോൺഗ്രസ് അപലപിക്കേണ്ടതായിരുന്നു. എന്നാൽ പ്രമേയത്തിൽ പാകിസ്താനെപ്പോലെ പാലസ്തീനിനെക്കുറിച്ച് മാത്രമാണ് അവർ സംസാരിച്ചത്. ഇത്തരം പ്രസ്താവനകൾ നടത്തുന്ന കോൺഗ്രസ് ‘ഇന്ത്യയിലാണോ പാകിസ്താനിലാണോ സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്നത്’- ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു.
ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ ‘നിരാശയും വേദനയും’ പ്രകടിപ്പിച്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം ‘ഭൂമി, സ്വയം ഭരണം, അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിക്കാനുള്ള പാലസ്തീൻ ജനതയുടെ അവകാശങ്ങൾ’ എന്നിവയ്‌ക്കുള്ള ദീർഘകാല പിന്തുണയും അറിയിച്ചു. ഇതിന് പിന്നാലെയാണ് അസം മുഖ്യമന്ത്രിയുടെ പ്രതികരണം.















