കോട്ടയം: ഗാന്ധിനഗറിൽ മികച്ച ജീവനക്കാരനുള്ള അംഗീകാരം നേടിയ ഇതര സംസ്ഥാന തൊഴിലാളി പെട്രോൾ പമ്പിൽ നിന്നും ഒന്നര ലക്ഷം രൂപയുമായി മുങ്ങി. വിശ്വസ്തനായ ജീവനക്കാരനായി നിന്ന് മാനേജ്മെന്റിനെയും സഹപ്രവർത്തകരെയും പറ്റിച്ചാണ് പണവുമായി കടന്നു കളഞ്ഞത്. അസം സ്വദേശി റഷീദ്(22) ആണ് ഇന്ന് പുലർച്ചെ പണവുമായി കടന്നുകളഞ്ഞത്.
പെട്രോൾ പമ്പിലെ എംപ്ലോയി ഓഫ് ദ മന്ത് എന്ന അംഗീകാരം ഉൾപ്പെടെ ഇയാൾ നേടിയിരുന്നു. മൂന്ന് മാസം കൊണ്ട് പിസി ചെറിയാൻ ആൻഡ് കോ എന്ന പെട്രോൾ പമ്പിലെ മാനേജ്മെന്റിന്റെയും സഹപ്രവർത്തകരുടെയും വിശ്വസ്തനാകുകയായിരുന്നു. മികച്ച ജോലിക്കാരനെന്ന് പേരെടുത്തതിന് പിന്നാലെയാണ് കവർച്ച നടത്തി മുങ്ങിയത്. പമ്പിലെ കളക്ഷൻ തുകയായി കിട്ടിയ ഒന്നര ലക്ഷം രൂപയാണ് കവർന്നത്.
പമ്പിനോട് ചേർന്ന് തന്നെയുള്ള മുറിയിലായിരുന്നു റഷീദിന്റെ താമസം. എന്നും രാവിലെ എല്ലാവരും എത്തുന്നതിന് മുമ്പ് തന്നെ റഷീദ് ജോലിക്കായി റെഡിയായി ഇരിക്കുമായിരുന്നു. സൂപ്പർവൈസർ എത്തി ഓഫീസ് മുറി തുറന്നതിന് പിന്നാലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയുമെടുത്ത് ചായ കുടിക്കാനെന്ന വ്യാജേന ഇവിടെ നിന്നും മുങ്ങുകയായിരുന്നു.